മക്കളുടെ വളർച്ചയിൽ സന്തോഷിക്കുന്നവരാണ് എല്ലാ അച്ഛനമ്മമാരും. ഇപ്പോൾ അത്തരത്തിൽ മകനെക്കുറിച്ചോർത്ത് അഭിമാനിക്കുന്ന ഒരച്ഛനാണ് സാമൂഹ്യ മാധ്യമങ്ങളിലെ താരം. അത് മറ്റാരുമല്ല, ഹരിശ്രീ അശോകനാണ്. മമ്മൂട്ടി നായകനായ ‘ഭ്രമയുഗം‘ കണ്ടിറങ്ങിയ അശോകൻ മകൻ അർജുന്റെ അഭിനയം കണ്ടാണ് താരത്തെ വാനോളം പുകഴ്ത്തിയത്. ചിത്രത്തിൽ മികച്ച പ്രകടനമാണ് അർജുൻ കാഴ്ചവെച്ചതെന്നും മകന്റെ കരിയറിലെ ബ്രേക്ക് ആണ് ചിത്രമെന്നും അശോകൻ വ്യക്തമാക്കി.
“അർജുനെ ഓർത്ത് അഭിമാനം തോന്നുന്നു. ഇത്രയും നല്ലൊരു വേഷം ഗംഭീരമായിട്ട് ചെയ്തതിൽ എനിക്ക് തന്നെ അത്ഭുതം തോന്നുകയാണ്. തീർച്ചയായിട്ടും മകൻ്റെ കരിയർ ബ്രേക്ക് തന്നെയാണ്. കൊടുത്ത വേഷം നന്നായി ചെയ്തു. മകൻ മാത്രമല്ല എല്ലാവരും. മൂന്നോ നാലോ കഥാപാത്രങ്ങളെ വച്ച് ഇത്രയും ഗംഭീരമായ പടം ഉണ്ടാക്കുക എന്ന് പറഞ്ഞാൽ ഭയങ്കര സംഭവമാണ്. ഓരോന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല. എല്ലാം ഗംഭീരമായി ചെയ്തിട്ടുണ്ട്.
സംവിധാനവും തിരക്കഥയും സംഭാഷണവും പൊളിച്ചു. ആർട് ഒക്കെ ഗംഭീരം. മൂന്നോ നാലോ ആളുകളെ വച്ച് ഇങ്ങനെയൊരു ബ്രഹ്മാണ്ഡ ചിത്രം ഉണ്ടാക്കുക നടക്കുന്ന കാര്യമല്ല. ഇങ്ങനെ ഒരു സബ്ജക്ടിന് മമ്മൂക്ക ഓക്കെ പറഞ്ഞിട്ടാണ് ഇവരൊക്കെ ഉണ്ടായത്. സമ്മതിക്കണം മമ്മൂക്കയെ, മമ്മൂക്ക പൊളിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ഭയങ്കര വെറൈറ്റിയല്ലേ ചെയ്യുന്നത്. കാതൽ പോലുള്ള സിനിമകൾ, ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള മനസിനെ സമ്മതിക്കണം. അതാണ് യഥാർത്ഥ ആർട്ടിസ്റ്റ്. അതുകൊണ്ടാണല്ലോ ഇവർക്കും അവസരങ്ങൾ കിട്ടുന്നത്” എന്നാണ് സിനിമ കണ്ടിറങ്ങിയ ഹരിശ്രീ അശോകൻ പറഞ്ഞത്.
ഭ്രമയുഗം എന്ന ചിത്രത്തേക്കുറിച്ച് വാതോരാതെ സംസാരിക്കുകയും മകന്റെ അഭിനയത്തെ പുകഴ്ത്തുകയും ചെയ്ത ഹരിശ്രീ ആശോകനാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാ വിഷയം. താരത്തോടൊപ്പം സിനിമ കണ്ടിറങ്ങിയവരെല്ലാം ഒന്നടങ്കം മികച്ച അഭിപ്രായമാണ് ചിത്രത്തിന് നൽകുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലെ സിനിമാപ്രേക്ഷകർക്കിടയിലും ഇപ്പോൾ പ്രധാന ചർച്ചാ വിഷയം ഭ്രമയുഗവും മമ്മൂട്ടിയും തന്നെയാണ്.