കണ്ണൂർ കൊട്ടിയൂരിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു. കൊട്ടിയൂർ പാലുകാച്ചി സ്വദേശിയായ എ.എം.രമണിയാണ് മുച്ചക്ര സ്കൂട്ടർ മറിഞ്ഞ് മരിച്ചത്. കുറിയർ സ്ഥാപനത്തിലെ ജീവനക്കാരിയാണ് രമണി.
വ്യാഴാഴ്ച രാവിലെ 11മണിയ്ക്ക് സ്കൂട്ടർ സർവീസിന് നൽകാൻ പോകുന്ന വഴി ഹാജി റോഡ്–അയ്യപ്പൻകാവ് റോഡിൽ വച്ചായിരുന്നു അപകടം. ഇറക്കത്തിൽ വച്ച് തെരുവുനായ രമണിയുടെ സ്കൂട്ടറിന് കുറുകെ ചാടി. ഇതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഹെൽമറ്റ് തകരുകയും സമീപത്തെ മരത്തിലും കല്ലിലും രമണിയുടെ തല ഇടിക്കുകയും ചെയ്തു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.