ഗൂഗിളിന്റെ സിഇഒ ആയ സുന്ദർ പിച്ചൈയെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഗൂഗിളിനെ പുതിയ തലങ്ങളിലേയ്ക്ക് എത്തിക്കാൻ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ലോകശ്രദ്ധ തന്നെ നേടിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ദൈനംദിന ജീവിതവും ഫോൺ ഉപയോഗവുമാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഒരേസമയം 20 ഫോണുകളാണ് സുന്ദർ പിച്ചൈ ഉപയോഗിക്കുന്നത്. എന്തിനാണ് ഒരാൾക്ക് ഇത്രയുമധികം ഫോണുകളെന്നല്ലേ. മറ്റെല്ലാവരെയും പോലെ ഫോണിൽ നോക്കി സമയം കളയുകയല്ല അദ്ദേഹം ചെയ്യുന്നത്. തൻ്റെ ജോലിയുടെ ഭാഗമായാണ് ഈ ഫോണുകളെല്ലാം അദ്ദേഹം ഉപയോഗിക്കുന്നത്. ഗൂഗിൾ എങ്ങനെയൊക്കെയാണ് ഈ ഉപകരണങ്ങളിൽ പ്രവർത്തിക്കുന്നത് എന്ന് വിലയിരുത്തുകയാണ് പ്രധാന ലക്ഷ്യം. ഇത്രയും ഫോണുകൾ ഒരുമിച്ച് ഉപയോഗിക്കുമ്പോൾ അക്കൗണ്ടുകൾ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കുന്നു എന്നതായിരിക്കാം എല്ലാവരുടെയും സംശയം. ഇതിനായി അദ്ദേഹം ഉപയോഗിക്കുന്നത് ടു-ഫാക്ടർ ഒതന്റിക്കേഷനാണ്. പാസ്‌വേഡ് ആവർത്തിച്ച് മാറ്റുന്നതിനെക്കാൾ സുരക്ഷിതാണ് ടു-ഫാക്ടർ ഒതന്റിക്കേഷൻ എന്നാണ് പിച്ചൈ പറയുന്നത്.
സുന്ദർ പിച്ചൈയുടെ ഒരു ദിവസം തുടങ്ങുന്നത് ലോകമെമ്പാടുമുള്ള ഏറ്റവും പുതിയ ആഗോള സാങ്കേതിക വാർത്തകൾ വായിച്ചുകൊണ്ടാണ്. ഇതിനായി അദ്ദേഹം ആശ്രയിക്കുന്നത് ടെക്മീം എന്ന വെബ്സൈറ്റ് ആണ്. 2005ൽ ആരംഭിച്ച ഈ വെബ്സൈറ്റ് വായനക്കാരുടെ ആവശ്യങ്ങൾ അറിഞ്ഞാണ് തയ്യാറാക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പിച്ചൈയ്ക്ക് പുറമെ സത്യ നാദെല്ല, മാർക്ക് സക്കർബർഗ് എന്നിവരും ഈ വെബ്സൈറ്റ് പിൻതുടരുന്നതായി മുമ്പ് വെളിപ്പെടുത്തിയിരുന്നു.