പ്രതിപക്ഷ പ്രതിഷേധങ്ങൾ വകവെക്കാതെ ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയിൽ പാസാക്കി. ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു. പുതിയ നിര്‍ദേശങ്ങളോടുകൂടി സബ്ജക്ട് കമ്മിറ്റി സഭയിൽ അവതരിപ്പിച്ച് പാസ്സാക്കിയ പുതിയ ബില്ലിൽ ലോകായുക്തയുടെ പരിധിയില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയിട്ടുണ്ട്.
ഭേദഗതിക്ക് എതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഉയരുന്നത്. നിയമനിര്‍മ്മാണ സഭയായ സംസ്ഥാന നിയമസഭയ്ക്ക് എങ്ങനെയാണ് അപ്ലറ്റ് അതോറിട്ടിയുടെ അധികാരം നല്‍കുക എന്ന വിമർശനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ചത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും വി ഡി സതീശന്‍ എം എൽ എ ആരോപിച്ചു. എന്നാൽ പ്രതിപക്ഷ വാദങ്ങൾ സ്പീക്കര്‍ തള്ളി.
ലോകായുക്തയും ഉപലോകായുക്തയും ചേർന്നെടുത്ത തീരുമാനങ്ങള്‍ എങ്ങനെയാണ് ഒരു എക്സിക്യൂട്ടീവ് പരിശോധിക്കുക എന്നും പ്രതിപക്ഷം ചോദിച്ചു. എന്നാൽ സബ്ജക്ട് കമ്മിറ്റിക്ക് ഭേദഗതി വരുത്തിയ പുതിയ ബില്ലില്‍ മാറ്റം വരുത്താമെന്ന് നിയമമന്ത്രി പി രാജീവ് വിശദീകരിച്ചു . 1998 ൽ ലോകയുക്ത ബിൽ നടപ്പിലാക്കുമ്പോൾ ലോക്പാൽ പോലുള്ള മാതൃകകൾ ഉണ്ടായിരുന്നില്ലെന്നും നിയമസഭയ്ക്കുള്ള അതേ അധികാരം സബ്ജക്ട് കമ്മിറ്റിക്കും ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി.