സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാരിനെ വിമർശിച്ച് ഷാഫി പറമ്പിൽ എംഎൽഎ. സംസ്ഥാനത്ത് മുഖ്യമന്ത്രിയൊഴികെ ബാക്കിയുള്ള സാധനങ്ങൾക്കെല്ലാം കനത്ത വിലയാണെന്നാണ് എംഎൽഎ പരിഹസിച്ചത്. സപ്ലൈകോയിൽ അവശ്യസാധനങ്ങൾ ലഭ്യമാകാത്തത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അവശ്യസാധനങ്ങൾ ഇല്ലായെന്ന് മന്ത്രിക്ക് സഭയിൽ രേഖാമൂലം സമ്മതിക്കേണ്ടി വന്നു. ഞങ്ങളുന്നയിക്കുന്ന ജനകീയ പ്രശ്നങ്ങളുടെ ആത്മാർത്ഥത സിപിഐയുടെ സംസ്ഥാന കൗൺസിലിൽ ഇരിക്കുന്ന ഭാര്യക്ക് മനസിലായിട്ടും മന്ത്രിക്ക് സമ്മതിക്കാൻ കഴിയുന്നില്ല. ചോദ്യങ്ങൾക്ക് ഉത്തരം എഴുതി നൽകുന്ന വകുപ്പിലെ ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയെങ്കിലും മന്ത്രിക്ക് വേണം.
മാവേലി സ്റ്റോറിൽ പോകുന്ന ആളുകൾ വെറും കൈയോടെയാണ് മടങ്ങിവരുന്നത്. ദയവായി മാവേലിയെ പറയിപ്പിക്കുന്നത് നിർത്തണം. സിപിഐ സംസ്ഥാന കൗൺസിലിൽ നടക്കുന്ന കാര്യങ്ങളുടെ വാർത്ത ശ്രദ്ധിച്ചാൽ ഇവിടെ ആകെ വിലക്കുറവുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ് എന്ന് ആർക്കും സംശയമുണ്ടാകില്ല. ബാക്കി എല്ലാ സാധനങ്ങൾക്കും വിലകയറ്റമാണ്. സർക്കാർ ഭക്ഷ്യവകുപ്പിനോട് ചെയ്യുന്ന അനീതിക്കെതിരെ മന്ത്രി പ്രതിപക്ഷത്തിനൊപ്പം നിൽക്കുകയാണ് വേണ്ടത്’ എന്നാണ് എംഎൽഎ പറഞ്ഞത്.