സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എക്സാലോജിക് കമ്പനി നൽകിയ ഹർജി കര്‍ണാടക ഹൈക്കോടതി വിധി പറയാന്‍ മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയാണ് എക്സാലോജിക്. എസ്എഫ്ഐഒ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ എക്സാലോജിക്കിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ രേഖകള്‍ ഹാജരാക്കാന്‍ എക്സാലോജിക്ക് സാവകാശം ആവശ്യപ്പെട്ടതോടെ ഫെബ്രുവരി 15 വരെ കോടതി സമയം നല്‍കുകയും ചെയ്തു.
വിശദമായി വാദംകേട്ട കോടതി അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നുണ്ടോയെന്ന് എസ്എഫ്ഐഒയുടെ അഭിഭാഷകനോട് ചോദിച്ചു. എന്നാൽ അറസ്റ്റുണ്ടാകില്ല എന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുണ്ടെന്ന് എസ്എഫ്ഐഒ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തു. അതിനിടെ, രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെയും എസ്എഫ്ഐഒയുടെയും അന്വേഷണം ഒരുമിച്ച് നടക്കുന്നതില്‍ പൊരുത്തക്കേടുണ്ട്. അത് ചട്ടവിരുദ്ധമാണെന്നും എക്സാലോജിക്കിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം എക്സാലോജിക് സൊല്യൂഷന്‍സിന്റെ ആസ്ഥാനം ബെംഗളൂരുവില്‍ ആയതിനാലാണ് കര്‍ണാടക ഹൈക്കോടതിയില്‍ കമ്പനി ഹര്‍ജി സമര്‍പ്പിച്ചത്. എസ്.എഫ്.ഐ.ഒ. ഡയറക്ടറും കേന്ദ്ര സര്‍ക്കാരുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. എക്സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷനുകീഴിലെ സി.എം.ആര്‍.എലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് അന്വേഷിക്കാനാണ് സംഘം കേരളത്തിലെത്തിയത്. ഇത് കൂടാതെ ആലുവയിലെ സി.എം.ആര്‍.എല്‍. ഓഫീസിലും സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കെ.എസ്.ഐ.ഡി.സിയിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.