പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി മാരത്തണ്‍ ലോക റെക്കോഡ് താരം കെല്‍വിന്‍ കിപ്റ്റം വിടവാങ്ങി. ഒരു രാജ്യത്തെ മുഴുവൻ ദു:ഖത്തിലാഴ്ത്തി ശനിയാഴ്ച രാത്രിയോടെയുണ്ടായ വാഹനാപകടത്തിലായിരുന്നു കെല്‍വിന്‍ മരണപ്പെട്ടത്. 2024 പാരിസ് ഒളിമ്പിക്‌സിലെ കെനിയയുടെ മെഡൽ പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചത്.
കപ്റ്റഗട്ടിൽ നിന്ന് എൽഡോറെറ്റിലേക്ക് പോകുന്നതിനിടെയായിരുന്നു കെൽവിൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ടതിനേത്തുടർന്ന് മറിയുകയായിരുന്നു. കാറിൽ കെൽവിനൊപ്പം ഉണ്ടായിരുന്ന കോച്ച് ജെർവയ്‌സ് ഹകിസിമാനയും മരിച്ചതായാണ് പോലീസ് വ്യക്തമാക്കിയത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരിൽ ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ചിക്കാഗോയിൽ വെച്ചായിരുന്നു കെൽവിൻ മാരത്തൺ റെക്കോഡ് തന്റെ പേരിൽ എഴുതിച്ചേർത്തത്. 23-ാം വയസിലായിരുന്നു താരത്തിന്റെ അത്ഭുത പ്രകടനം. രണ്ട് മണിക്കൂറും 35 സെക്കൻഡും എടുത്താണ് കെൽവിൻ അന്ന് റെക്കോഡ് സ്വന്തമാക്കിയത്. കെനിയയുടെ തന്നെ എലിയൂഡ് കിപ്ചോഗെയെ (രണ്ട് മണിക്കൂറും ഒരു മിനിറ്റും പത്ത് സെക്കൻഡും) മറികടന്നായിരുന്നു ഈ നേട്ടം. അടുത്ത ഒളിമ്പിക്സിൽ കെൽവിൻ ഉണ്ടാകില്ലെന്ന് വിശ്വസിക്കാൻ ആരാധകർക്ക് ഇതുവരെ സാധിച്ചിട്ടില്ല.