വിഷ്ണു വിശാൽ, വിക്രാന്ത്, രജനീകാന്ത് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ ലാൽ സലാം കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിച്ചത്. ധനുഷ്, ശ്രുതി ഹാസൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ 3 ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. ചിത്രത്തിലെ ഹിറ്റ് ഗാനമായിരുന്നു വൈ ദിസ് കൊലവറി ഡി എന്ന ഗാനം. എന്നാൽ പാട്ടിന്റെ വിജയം സിനിമയ്ക്ക് ഒരംശം പോലും ഗുണമായിരുന്നില്ലെന്നാണ് ഐശ്വര്യ പറയുന്നത്.
ഈ ഗാനം 2011 ലാണ് യൂട്യൂബിൽ എത്തുന്നത്. 2012ലാണ് ധനുഷ് ചിത്രം തിയറ്ററിൽ എത്തുന്നത്. ചിത്രത്തിലെ എല്ലാ ഗാനവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം പറഞ്ഞത് ബൈ പോളാർ ഡിസോഡർ ബാധിച്ച നായകന്റെ കഥയാണ്. സംഗീത സംവിധാന രംഗത്തേക്കുള്ള അനിരുദ്ധ് രവിചന്ദറിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. ആഗോളതലത്തിൽ വലിയ തരംഗമാണ് ചിത്രമുണ്ടാക്കിയത്. എന്നാൽ ഗാനത്തിന്റെ വിജയം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത് എന്നാണ് ഐശ്വര്യ പറയുന്നത്. ഗാനത്തിന്റെ വിജയം സിനിമയുടെ സമ്മർദ്ദം കൂട്ടിയെന്നും താരം കൂട്ടിച്ചേർത്തു.
സമ്മർദ്ദം പോലെ തന്നെ ഈ ഗാനം സിനിമയെ വിഴുങ്ങിക്കളയുകയായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. ഞാൻ അത് അംഗീകരിക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നുംതാരം പറയുന്നു. എന്നാൽ ചിത്രം റീ റിലീസ് ചെയ്തപ്പോഴും ടിവിയിൽ എത്തിയപ്പോഴുമെല്ലാം എനിക്ക് ഒരുപാട് ഫോൾ കോളുകൾ വന്നു. ആ ഗാനം സിനിമയെ ഒരുരീതിയിലും സഹായിച്ചിട്ടില്ല. എന്നാൽ നിരവധി പേരുടെ കരിയറിനെ ഇത് സഹായിച്ചു. അതിൽ എനിക്ക് സന്തോഷമുണ്ട്.- ഐശ്വര്യ പറഞ്ഞു.