രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎഇയിൽ എത്തും. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഏഴാം തവണ യുഎഇയിൽ എത്തുന്ന മോദിയെ വരവേൽക്കാൻ തയ്യാറായി നിൽക്കുകയാണ് പ്രവാസി സമൂഹം. പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ‘അഹ്ലൻ മോദി’ എന്ന പരിപാടി നാളെ വൈകിട്ട് 4ന് സായിദ് സ്പോർട്സ് സിറ്റിയിൽ അരങ്ങേറും. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ 150ലേറെ സംഘടനകൾ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിശ്വാമിത്ര എന്ന പ്രമേയത്തിൽ വിവിധ സംസ്ഥാനങ്ങളുടെ തനതുകലകൾ ചേർത്ത് ആവിഷ്കരിച്ച കലാവിരുന്നിൽ മലയാളികൾ ഉൾപ്പെടെ എണ്ണൂറിലേറെ കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. 14ന് പ്രധാനമന്ത്രി ബിഎപിഎസ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യും. അബുദാബി അബൂമുറൈഖയിലെ കൾചറൽ ഡിസ്ട്രിക്ടിലാണ് അക്ഷർധാം മാതൃകയിലുള്ള ക്ഷേത്രം നിർമിച്ചിരിക്കുന്നത്.
അതേസമയം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായും പ്രധാനമന്ത്രി ചർച്ച നടത്തും.