‘ഭൂതകാലം’ എന്ന സിനിമക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ ‘ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ മമ്മൂട്ടിയാണ് ട്രെയിലർ ലോഞ്ച് ചെയ്തത്. നിർമാതാവ് രാമചന്ദ്ര, അഭിനേതാക്കളായ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സിദ്ധാർഥ് ഭരതൻ, മണികണ്ഠൻ ആചാരി, അമൽദ ലിസ് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇത് കരുക്കൾ, ഇത് പകിട എന്ന വാക്കുകൾ സംഭാഷണമായി ട്രെയിലറിൽ ആവർത്തിക്കുന്നുണ്ട്. ഇതൊരു ഗെയിം ഗ്രില്ലറാണോ എന്നാണ് പലരും കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ഷെഹനാദ് ജലാലാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോനെക്സ് സേവ്യർ, കോസ്റ്റംസ് : മെൽവി ജെ. കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് ചിത്രീകരണം പൂർത്തീകരിച്ചത്. ചിത്രം ഈ മാസം 15-ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തിയറ്ററുകളിലെത്തും.
ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. യു കെ, ഫ്രാന്സ്, പോളണ്ട്, ജർമ്മനി ജോർജിയ, ഓസ്ട്രിയ, മോൾഡോവ, ഇറ്റലി, മാൾട്ട, ഉസ്ബെക്കിസ്ഥാൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഭ്രമയുഗം ജിസിസിയിലും വമ്പൻ റിലീസിനാണ് ഒരുങ്ങുന്നത്. യുഎഇ, സൗദ് അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.