മാനന്തവാടിയിൽ കാട്ടാന കൊലപ്പെടുത്തിയതിൽ നഷ്ടപരിഹാരം സംബന്ധിച്ച ചർച്ചയിൽ പ്രാഥമിക ധാരണയായി. അജീഷിന്റെ ഭാര്യക്ക് സ്ഥിരം സർക്കാർ ജോലി എന്നതുൾപ്പെടെ സർവകക്ഷി യോഗത്തിൽ ഉറപ്പുകിട്ടിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
10 ലക്ഷം നഷ്ടപരിഹാരം തിങ്കളാഴ്ച നൽകും. അധിക 40 ലക്ഷത്തിന് സർക്കാരിന് ശിപാർശ നൽകും. മക്കളുടെ പഠനത്തിന് സഹായ നൽകുമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ ഇടപെടൽ നടത്തുമെന്നും വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു. ചർച്ച പ്രാഥമിക ധാരണയിലെത്തിയതോടെ നാട്ടുകാർ സമരം അവസാനിപ്പിച്ചു. അതിനിടെ കാട്ടാനയെ മയക്കുവെടിവെക്കാൻ വനംവകുപ്പ് ഉത്തരവിറക്കി.
മാനന്തവാടി സബ് കലക്ടറുടെ ഓഫീസിനു മുന്നിലേക്ക് മൃതദേഹം എത്തിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ നാട്ടുകാരും പൊലീസും തമ്മിൽ വൻ സംഘർഷമുണ്ടായി. അതേസമയം നേരത്തേ, ഭാര്യയ്ക്ക് താൽക്കാലിക ജോലി നൽകുമെന്നായിരുന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞത്. എന്നാൽ യോഗത്തിൽ സ്ഥിരം ജോലി നൽകാൻ ശുപാർശ ചെയ്യാൻ തീരുമാനമാകുകയായിരുന്നു. യോഗതീരുമാനങ്ങൾ കലക്ടർ വായിച്ചു കേൾപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വീണ്ടും പ്രതിഷേധിച്ചു. എന്നാൽ പിന്നീട് പൊലീസ് വാഹനത്തിൽ കലക്ടറെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.