‘പിന്നെയും പിന്നെയും…’ ആ തൂലിക തുമ്പിൽ വിരിഞ്ഞ ഗാനങ്ങൾക്ക് കാതോർക്കാൻ ഓരോ മലയാളിയും കൊതിക്കും. വീണുടഞ്ഞ ആ സൂര്യ കിരീടത്തിന് ജീവൻ നൽക്കുന്നതും അദ്ദേഹം ചെയ്തുവച്ച അതേ പാട്ടുകളാണ്. വിരഹമോ വേദനയോ പ്രണയമോ സന്തോഷമോ സങ്കടമോ ഏത് വികാരവുമാവട്ടെ ചെവിയിലൊരു ഹെഡ്സെറ്റ് വച്ച് അദ്ദേഹത്തിന്റെ പാട്ടുകൾ പ്ലേ ചെയ്ത് വെറുതെ കണ്ണടച്ച് കിടന്നാൽ മാത്രം മതി, ചുണ്ടിൽ താനെ ഒരു ചിരി വിരിയും. ജീവിച്ചിരിക്കുകയാണെങ്കിൽ ഈ വർഷം വരികളിൽ വിസ്മയം തീർത്ത ആ അതുല്യ പ്രതിഭയുടെ 63 ആം പിറന്നാൾ ആഘോഷിക്കുമായിരുന്നു ലോകം. അകാലത്തിൽ പൊലിഞ്ഞുപോയ തൂലികയുടെ സ്വന്തം കൂട്ടുകാരൻ, പ്രിയപ്പെട്ട എഴുത്തുകാരൻ ഗിരീഷ് പുത്തഞ്ചേരി ഓർമയായിട്ട് 14 വർഷം.
ആകാശവാണിയുടെ വിവിധ നിലയങ്ങൾക്ക് ലളിത ഗാനങ്ങൾ രചിച്ചുകൊണ്ട് തുടങ്ങിയ എഴുത്ത് ജീവിതം, പിന്നീട് സിനിമാ ലോകത്തെക്കും വ്യാപിച്ചു. ‘ചക്രവാളത്തിനപ്പുറം’ എന്ന ചിത്രത്തിനുവേണ്ടി ഗാനം എഴുതിയായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തിരശീലയിലെ കഥാപാത്രങ്ങളുടെ ചുണ്ടിൽ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ വിസ്മയം തീർത്തു. അങ്ങനെ നിരവധി ഗാനങ്ങൾ. എങ്കിലും ‘ദേവാസുരത്തിലെ ‘സൂര്യകിരീടം വീണുടഞ്ഞു’ എന്ന ഗാനം ചലച്ചിത്ര ഗാനരചയിതാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉയർത്തി. പിന്നീട് ഉണ്ടായതെല്ലാം ചരിത്രം.
‘ആരോ വിരൽ മീട്ടി’, ‘കണ്ണും നട്ട് കാത്തിരുന്നിട്ടും’, ‘ആകാശ ദീപങ്ങൾ സാക്ഷി’, ‘ഇന്നലേ എന്റെ നെഞ്ചിലെ’, ‘അമ്മ മഴക്കാറിന് കൺ നിറഞ്ഞു… ‘ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് വീണ്ടും വീണ്ടും ഹിറ്റുകൾ പിറന്നു. പാട്ടിനൊപ്പം എഴുത്തുകാരനെയും മലയാളികൾ നെഞ്ചിലേറ്റി. ഇളയരാജ, രവീന്ദ്രന്‍മാഷ്, എം ജയചന്ദ്രൻ, വിദ്യാസാഗർ തുടങ്ങി ലക്ഷ്മികാന്ത് പ്യാരേലാല്‍ മുതൽ സാക്ഷാൽ എആര്‍ റഹ്മാന്‍ വരെയുള്ള ഒട്ടേറെ പ്രമുഖരുടെ ഈണങ്ങൾക്ക് ഗിരീഷ് പുത്തഞ്ചേരി വരികൾ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവൻ തുടിക്കുന്ന വരികൾക്ക് ഏഴു തവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരളാ ഗവണ്മെന്റിന്റെ പുരസ്കാരവും തേടിയെത്തി. ചെറുതും വലുതുമായ നിരവധി അവാർഡുകൾ വേറെയും ലഭിച്ചു.
എഴുത്തിന്റെ ലോകം അദ്ദേഹത്തെ കൂടുതൽ കൂടുതൽ വിസ്മയങ്ങൾ തീർക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ ‘മേലേപ്പറമ്പിൽ ആൺ വീട്’ എന്ന സിനിമയുടെ കഥയും, ‘കിന്നരിപ്പുഴയോരം ‘, ‘പല്ലാവൂർ ദേവനാരായണൻ’ , ‘വടക്കും നാഥൻ’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും അദ്ദേഹം രചിച്ചു. ‘ഷഡ്ജം’, ‘തനിച്ചല്ല’ എന്നീ രണ്ടു കവിതാ സമാഹാരങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഒടുവിൽ 2010 ഫെബ്രുവരി 10ന് തന്റെ 48 ആമത്തെ വയസ്സിൽ പക്ഷാഘാതത്തെ തുടർന്ന് ഗിരീഷ് പുത്തഞ്ചേരി ലോകത്തോട് വിട പറഞ്ഞപ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമായത് ഇനി ഒരിക്കലും തിരികെ ലഭിക്കാത്ത പാട്ടിന്റെ ഒരു സുവർണകാലം കൂടിയായിരുന്നു. ആയിരം വർഷങ്ങൾ കഴിഞ്ഞാലും പാട്ടുകളിലൂടെ ഓരോ മലയാളിയുടെയും മനസ്സിൽ ഇന്നും ഈ അതുല്യ പ്രതിഭ ജീവിക്കുന്നുണ്ട്. ‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ….’