കായിക വിനോദങ്ങൾ മികച്ച വ്യായാമ മാർഗം കൂടിയാണ്. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ കൃത്യമായ വ്യായാമ മുറകൾ ശീലിച്ചാൽ മതിയാകും. അത്തരത്തിൽ വ്യായാമവും കായികക്ഷമതയുമുള്ള സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി ദേശീയ കായിക ദിനത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഖത്തർ. ‘തീരുമാനം നിങ്ങളുടേതാണ്’ എന്ന പ്രമേയത്തിന്റെ പേരിൽ ഫെബ്രുവരി 13ന് രാജ്യം ദേശീയ കായികദിനം ആഘോഷിക്കുമെന്ന് ദേശീയ കായികദിന (എൻ.എസ്.ഡി) സമിതി പ്രഖ്യാപിച്ചു.
ജനങ്ങളിൽ സ്പോർട്സിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് കായികദിനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കായിക യുവജനകാര്യ മന്ത്രിയുടെ ഉപദേഷ്ടാവും സമിതി തലവനുമായ അബ്ദുറഹ്മാൻ ബിൻ മുസല്ലം അൽ ദോസരി പറഞ്ഞു. ദേശീയ കായിക ദിനത്തിന്റെ അംബാസഡർമാരായി വിവിധ കായികമേഖലകളിൽ നിന്നുള്ള യുവ താരങ്ങളെ തിരഞ്ഞെടുത്തതായും വാർത്തസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രാജ്യത്തുടനീളം കായികദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന കായിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ശാരീരിക, കായിക വിനോദ പ്രവർത്തനങ്ങളാണ് ഇതിൽ പ്രധാനം. രാജ്യത്തിന്റെ എല്ലാ മേഖലകളിലും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ എല്ലാവർക്കും പങ്കെടുക്കാനും ആ ദിവസത്തെ കായിക പ്രവർത്തനങ്ങളും പരിപാടികളും ആസ്വദിക്കാനും അനുവദിക്കുമെന്നും അൽ ദോസരി വ്യക്തമാക്കി. പക്ഷേ
സർക്കാർ, സർക്കാറിതര മേഖലകളിൽ നിന്ന് ഈ വർഷം 250 സ്ഥാപനങ്ങൾ ദേശീയ കായികദിനത്തിന്റെ ഭാഗമാകുന്നുണ്ട്. 2011ലെ 80ാം നമ്പർ അമീരി ഉത്തരവ് അനുസരിച്ച് എല്ലാവരെയും കായിക പ്രവർത്തനങ്ങളുടെ ഭാഗമാകാൻ പ്രോത്സാഹിപ്പിക്കുന്നതിന് ഖത്തറിലെ വിവിധ സ്ഥാപനങ്ങളും കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.