നാട്ടിൽ നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസിയുടെ ലഗേജിൽ ബീഫ് എന്ന വ്യാജേന കഞ്ചാവ് അയക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ മലപ്പുറം വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി ഓമാനൂർ സ്വദേശി ഫൈസലിന്റെ ലഗേജിലാണ് ബീഫിനൊപ്പം കഞ്ചാവും കണ്ടെത്തിയത്. നാട്ടിലെ അവധി കഴിഞ്ഞതിനു ശേഷം കുവൈറ്റിലേക്ക് മടങ്ങിപ്പോകാനിരുന്ന ഫൈസലിനോട് കുവൈറ്റിലെ സുഹൃത്ത് ഹർഷത് വിളിച്ച് ബീഫ് കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് ഫൈസൽ ബീഫും ലഗേജിൽ ഉൾപ്പെടുത്തിയത്.
ഹർഷത്തിന്റെ സുഹൃത്തുക്കളായ പള്ളിപ്പുറായ സ്വദേശി മുഹമ്മദ് ഷമീം, സഹായിയായ ഫിനു ഫാസിൽ എന്നിവർ ഹർഷത്തിന്റെ വീട്ടിൽ നിന്നും ബീഫ് വാങ്ങി. പിന്നീട് ഇവർ ആ ബീഫിന്റ കുപ്പിയിൽ കഞ്ചാവ് തിരുകിക്കയറ്റി കുവൈറ്റിലേക്ക് വരാനിരിക്കുന്ന ഫൈസലിനെ ഏൽപ്പിക്കുകയും ചെയ്തതാണ് ഈ യുവാവിനെ വെട്ടിലാക്കിയത്.
എന്നാൽ ഫൈസലിന് സംശയം തോന്നുകയും ശേഷം പൊതികൾ തുറന്നുനോക്കിയപ്പോൾ കഞ്ചാവാണെന്ന് കണ്ടെത്തുകയും ചെയ്തു. ഉടൻ തന്നെ ഫൈസൽ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇത്തരത്തിലുള്ള സാഹചര്യത്തെ മുൻകൂട്ടിക്കാണുകയും പ്രവാസികൾ എപ്പോഴും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. കൂടാതെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി മറ്റുള്ളവർ തരുന്ന ഇത്തരം പാഴ്സലുകൾ തരുന്നവരുടെ സാന്നിദ്ധ്യത്തിൽ തന്നെ തുറന്ന് ഉറപ്പ് വരുത്തണമെന്നും പോലീസ് അറിയിച്ചു.