കേരളത്തിൽ ബിജെപി ഏറെ പ്രതീക്ഷവെയ്ക്കുന്ന മണ്ഡലമാണ് തൃശ്ശൂർ ലോക്സഭാ മണ്ഡലം. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും സുരേഷ് ഗോപി തന്നെയാണ് സ്ഥാനാർത്ഥിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മണ്ഡലത്തിൽ സുരേഷ് ഗോപി ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി കഴിഞ്ഞു.
എന്നാൽ സ്ഥാനാർത്ഥിയുടെ പേര് പറയാതെയാണ് പ്രചാരണം. സ്ഥാനാർഥിയുടെ പേര് എഴുതാൻ സമയമായിട്ടില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ ചുവരെഴുതി.
തൃശൂർ ലോക്സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളിൽ മതിലുകളിൽ ബിജെപി ചിഹ്നം വരച്ച് തുടങ്ങി. ഇവിടെയെല്ലാം സുരേഷ് ഗോപിയെത്തി. സ്ഥാനാർഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് വരയ്ക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് എഴുതി ചേർക്കും. രാജ്യമൊട്ടാകെ താമര തരംഗമാകുമെന്നും അത് തൃശൂരിലുമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശ്ശൂരിൽ നിന്ന് മത്സരിച്ചെങ്കിലും സുരേഷ് ഗോപി പരാജയപ്പെട്ടിരുന്നു.