യുഎഇയിൽ തണുപ്പിന് പിന്നാലെ മഴയെത്തുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ തണുപ്പിന് പിന്നാലെയാണ് ഇപ്പോൾ രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി 11 മുതലാണ് ഇടിമിന്നലോട് കൂടിയ മഴയും ആലിപ്പഴവർഷവുമുണ്ടാകുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ വ്യക്തമാക്കിയത്. ഇതേത്തുടർന്ന് ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
ഫെബ്രുവരി 11 മുതൽ 13 വരെയാണ് രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴയ്ക്ക് മുന്നറിയിപ്പുള്ളത്. അതോടൊപ്പം താപനിലയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറ്റിൻ്റെ ഗതി തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് ഭാഗത്തേക്ക് മാറുമെന്നും 45 കി.മീ വേഗതയിൽ പൊടിക്കാറ്റ് വീശുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ കാലയളവിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ നിലയുറപ്പിക്കണമെന്നും വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്. കൂടാതെ നീന്തുന്നതിനും കുളിക്കുന്നതിനുമായി ജലാശയങ്ങളിലേയ്ക്കും വെള്ളക്കെട്ടിലേക്കും പോകരുതെന്നും അധികൃതർ വ്യക്തമാക്കി.