യുഎഇയിൽ അനധികൃത റിക്രൂട്ട്മെന്റ് നടത്തിയ 55 സ്ഥാപനങ്ങൾക്കെതിരെ നടപടി. 2023-ൽ മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ പെർമിറ്റുകൾ നേടാതെ റിക്രൂട്ട്മെന്റുകളും മറ്റ് പ്രവർത്തനങ്ങളും നടത്തിയതിനാണ് 50 കമ്പനികൾക്കും 5 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെതിരെ അധികൃതർ നടപടി സ്വീകരിച്ചത്.
മന്ത്രാലയത്തിൻ്റെ രേഖകളിലെ നിയന്ത്രണങ്ങൾ, പബ്ലിക് പ്രോസിക്യൂഷൻ റഫറൽ എന്നിവ ഉൾപ്പെടെ നിയമലംഘകർക്ക് പിഴ ചുമത്തി. കൂടാതെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇത്തരം നിയമലംഘനങ്ങൾക്ക് ഒരു വർഷത്തിൽ കുറയാത്ത തടവും 2,00,000 ദിർഹം മുതൽ 1 ദശലക്ഷം ദിർഹം വരെ പിഴയും ലഭിക്കുമെന്നാണ് നിയമം വ്യക്തമാക്കുന്നത്.
ലൈസൻസില്ലാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി തെളിയിക്കപ്പെട്ടാൽ കമ്പനിക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജോലി സംബന്ധമായ ശരിയായ വിവരങ്ങൾ തിരിച്ചറിയുന്നതിനായി ഉദ്യോഗാർത്ഥികൾ മന്ത്രാലയത്തിൻ്റെ പരിശോധനാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും ഹ്യൂമൻ റിസോഴ്സ് അഫയേഴ്സ് അണ്ടർസെക്രട്ടറി ഖലീൽ അൽ ഖുരി പറഞ്ഞു. എന്തെങ്കിലും നിയമ ലംഘനങ്ങൾ ഉണ്ടായാൽ മന്ത്രാലയത്തിന്റെ കോൾ സെന്ററിലോ 600590000 എന്ന നമ്പറിലോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.