എട്ടു വർഷം മുമ്പത്തെ കേരളമല്ല, ഇന്നത്തേതെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ. അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിപ്പാണ് സംസ്ഥാനം കൈവരിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. വ്യവസായമേഖലയിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം. കേരളത്തിന്റെ ഭാവിയുടെ വികസനകവാടമാണ് വിഴിഞ്ഞം തുറമുഖം. മെയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് പ്രവർത്തനമാരംഭിക്കും. വിഴിഞ്ഞത്ത് സ്വകാര്യ നിക്ഷേപം ആരംഭിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
വിഴിഞ്ഞത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നതായിരിക്കും പദ്ധതികൾ. പ്രാദേശിക നൈപുണ്യ വികസനം നടപ്പിലാക്കും. പ്രവാസി മലയാളികളുമായി ചേർന്ന് സഹകരിച്ച് കേരളത്തിലെ നിക്ഷേപങ്ങൾ ആകർഷിക്കും. കേരളത്തെ മെഡിക്കൽ ഹബ്ബാക്കുന്ന പദ്ധതികൾ വേഗത്തിലാക്കും. സ്റ്റാർട്ടപ്പുകൾക്ക് മൂലധന സബ്സിഡി നൽകും. വിഴിഞ്ഞം തുറമുഖം ദക്ഷിണേന്ത്യയുടെ വ്യാപാര ഭൂപടം മാറ്റിവരയ്ക്കും. വിഴിഞ്ഞത്തെ അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യ മുക്തമാക്കും.
കേന്ദ്ര അവഗണന തുടർന്നാൽ നേരിടാൻ കേരളത്തിൻറെ പ്ലാൻ ബി നടപ്പാക്കും. കേന്ദ്ര ബജറ്റിൽ കേരളത്തിൻറെ റെയിൽ വികസനം അവഗണിച്ചു. എന്നാൽ വികസന പ്രവർത്തനങ്ങളിൽ നിന്നും കേരളം പിന്നോട്ട് പോകില്ല. ക്ഷേമ പെൻഷൻകാരെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ട്. ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ അധിഷ്ടിതമായ കേരള മാതൃക വികസനത്തെ തകർക്കാനുള്ള ഗൂഡാലോചനകളാണ് നടക്കുന്നത്. പറഞ്ഞു പറഞ്ഞും എഴുതിയും കേരളത്തെ തോൽപ്പിക്കരുതെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.
കാർഷിക മേഖലയ്ക്ക് 1,692 കോടി രൂപ ബജറ്റിൽ അനുവദിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സുഗന്ധവ്യഞ്ജന പദ്ധതിക്ക് 4.6 കോടിയും നാളികേര വികസനത്തിന് 65 കോടിയും ബജറ്റിൽ അനുവദിച്ചു. വിളപരിപാലനത്തിന് 531.9 കോടിയും കുട്ടനാട് പെട്ടിയും പറയും പദ്ധതിക്ക് 36 കോടിയും അനുവദിച്ചു. മൃഗസംരക്ഷണ മേഖലയ്ക്ക് 277 കോടി അനുവദിച്ചു. കാർഷിക മേഖലയിലെ കേരല പദ്ധതിക്കായി അടുത്ത മൂന്ന് വർഷത്തേക്ക് മൂവായിരം കോടി അനുവദിക്കും. കാർഷിക വിളകളുടെ ഉത്പാദന ശേഷി കൂട്ടാൻ രണ്ട് കോടി അനുവദിച്ചു.