ഇരുചക്രവാഹനം ഓടിക്കുന്നവർക്കിടയിൽ ബോധവത്കരണം സംഘടിപ്പിച്ച് അബൂദാബി പൊലീസ്. ലഘുലേഖകൾ, റിഫ്ലക്ഷനുള്ള മേലുടുപ്പ്, ഫസ്റ്റ് എയ്ഡ് ബോക്സുകൾ മുതലായവ പൊലീസ് മോട്ടോർ സൈക്കിൾ, ഇലക്ട്രിക് ബൈക്ക്, സൈക്കിൾ ഉപയോക്താക്കൾക്കിടയിൽ വിതരണം ചെയ്തു.
ഡെലിവറി റൈഡർമാർക്ക് പുതിയ മാർഗനിർദേശങ്ങൾ അബൂദബി പൊലീസ് നേരത്തേ പുറപ്പെടുവിച്ചിരുന്നു. റൈഡർമാർ ഉപയോഗിക്കുന്ന ബോക്സിന്റെ വീതിയും നീളവും ഉയരവും 50 സെന്റീമീറ്ററിൽ കൂടരുതെന്നും നിർദേശമുണ്ട്. അമിതവേഗം ഒഴിവാക്കുന്നതിനും അപക്വമായി ഡ്രൈവിങ് രീതികൾ മാറ്റുന്നതിനുമായി നിരവധി ബോധവത്കരണ പരിപാടികളും ശിൽപശാലകളുമാണ് അധികൃതർ നടത്തിവരുന്നത്.
നല്ല ടയറുകൾ, മുന്നിലെയും പിന്നിലെയും പ്രവർത്തിക്കുന്ന ലൈറ്റുകൾ, റിഫ്ലക്ടീവ് സ്റ്റിക്കറുകൾ മുതലായവ വാഹനത്തിനുണ്ടാവണം. മോശം കാലാവസ്ഥയിൽ വാഹനമോടിക്കരുത്. കാൽനടയാത്രികർക്ക് നിഷ്കർഷിച്ചിരിക്കുന്ന പാതകളിലും വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവേശനകവാടങ്ങൾ എന്നിവിടങ്ങളിൽ വാഹനം നിർത്തരുത് തുടങ്ങിയ നിർദേശങ്ങളും നൽകിയിരുന്നു. ഹെൽമറ്റ്, ജാക്കറ്റ്, പാന്റ്സ്, ബൂട്ട് തുടങ്ങി മുഴുവൻ സുരക്ഷാ ഉപകരണങ്ങളും ധരിക്കുന്ന ഇരുചക്ര ഡ്രൈവർമാർക്ക് സമ്മാനങ്ങൾ നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്.