മലയാള സിനിമയിലെ സ്ഥിരം ഗുണ്ടയായിരുന്നു വിനോദ് കോഴിക്കോട്. പേര് കേട്ടാൽ മനസ്സിലാകില്ല, കണ്ടാൽ അറിയാം എന്ന് പറയുന്ന പോലെയാണ് വിനോദ് കോഴിക്കോട്. ഒരുകാലത്ത് മലയാള സിനിമയില്‍ നിറ സാന്നിധ്യമായിരുന്ന പിന്നീട് സിനിമകളില്‍ നിന്നും അപ്രത്യക്ഷനാകുകയായിരുന്നു. കോഴിക്കോട് കോവൂര്‍ സ്വദേശിയാണ് വിനോദ്. നാടകങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്. ഐവി ശശിയുടെ സിനിമയിലൂടെയായിരുന്നു തുടക്കം. അങ്ങാടിക്കപ്പുറത്ത് ആയിരുന്നു ആദ്യ സിനിമ. സിനിമയിൽ ആസ്ഥാന ഗുണ്ടയായതിൽ വിനോദിന് തെല്ലും പരിഭവമില്ല. ഒരേ തരം വേഷങ്ങൾ ലഭിച്ചതിനെപ്പറ്റി വിനോദിന് പറയാനുള്ളത് ഇങ്ങനെയാണ്.
”സിനിമയില്‍ അങ്ങനെയാണല്ലോ. ഒരു റോളില്‍ ഒരാള്‍ തിളങ്ങിയാല്‍ അത്തരം വേഷങ്ങള്‍ കൂടുതല്‍ വരും. എന്നെ സംബന്ധിച്ചും അതിനു മാറ്റമുണ്ടായില്ല. അപ്പോഴും ഐ.വി ശശി, ഹരിഹരന്, ജോഷി, ലോഹിതദാസ്, ടി.ദാമോദരന്‍, സിദ്ദിഖ്ലാല്‍ തുടങ്ങി ലിജോ ജോസ് പെല്ലിശ്ശേരി വരെയുള്ള ലെജന്‍ഡ്സിനൊപ്പം മികച്ച സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി” എന്നാണ് വിനോദ് പറയുന്നത്.
ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബനിലൂടെ സിനിമയിലെ പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് നടൻ. വാലിബനില്‍ മരക്കട്ടലില് തളര്‍ന്നു കിടക്കുന്ന ഒരു പഴയകാല മല്ലനായിട്ടാണ് താരം അഭിനയിച്ചിരിക്കുന്നത്. കഥാപാത്രവും വിനോദിന്റെ പ്രകടനവും കയ്യടി നേടുകയും ചെയ്തു. ലിജോയ്ക്കൊപ്പം വിനോദിന്റെ ആദ്യ സിനിമയല്ല ഇത്. നേരത്തെ ആമേന്‍, ജല്ലിക്കട്ട് എന്നീ സിനിമകളിലും വിനോദ് അഭിനയിച്ചിരുന്നു. വാലിബനും തന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെടുമ്പോഴും വിനോദിന്റെ മനസില്‍ ഒരു വേദന ബാക്കിയായി നില്‍ക്കുന്നുണ്ട്. തന്റെ ഭാര്യയുടെ വിയോഗമാണ്. നാല് മാസം മുമ്പായിരുന്നു വിനോദിന്റെ ഭാര്യ കെവി ആനന്ദവല്ലി മരണപ്പെടുന്നത്.
‘എന്റെ കലാജീവിതത്തിന്റെ വലിയ പിന്തുണയായിരുന്നു ഭാര്യയെന്ന് വിനോദ് പറയുന്നു. പെട്ടെന്നുള്ള ആ വിയോഗം എനിക്കിപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ല. ഇങ്ങനെയൊരു ഗംഭീര വേഷം കിട്ടിയപ്പോള്‍, അതു കാണാന്‍ അവളില്ലല്ലോ എന്ന വേദന എന്നും ബാക്കിയാണ്. അവളായിരുന്നു എന്റെ ധൈര്യം’ എന്നാണ് വിനോദ് ഭാര്യയെക്കുറിച്ച് പറയുന്നത്.