സൗദി അറേബ്യയുടെ സാമ്പത്തിക വികസനത്തിനായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. സൗദിയെ നൂതന വ്യവസായങ്ങളുടെയും ഇലക്ട്രോണിക്സ് ഉല്പന്നങ്ങളുടെയും ആഗോള ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി ‘അലത്ത്’ കമ്പനി ആരംഭിക്കുമെന്നാണ് കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്‌റ്റ്മെന്റ് ഫണ്ട് ഡയറക്‌ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചത്.
39,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 2030-ഓടെ സൗദി അറേബ്യയിൽ 9.3 ബില്യൻ ഡോളറിന്റെ നേരിട്ടുള്ള എണ്ണ ഇതര ജിഡിപി സംഭാവന നേടുകയുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കിരീടാവകാശി അധ്യക്ഷനായ അൽ അലത്ത് കമ്പനിയുടെ പ്രവർത്തനം രാജ്യത്തിന്റെ സാങ്കേതിക-സാമ്പത്തിക മേഖലയെ വളർത്തി വികസനം ദ്രുതഗതിയിലാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതോടൊപ്പം നിക്ഷേപ അവസരങ്ങൾ സൃഷ്‌ടിക്കാനും ഇതുവഴി സാധിക്കും.
റോബോട്ടിക് സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, നൂതന കംപ്യൂട്ടറുകൾ, ഡിജിറ്റൽ വിനോദ ഉല്പന്നങ്ങൾ, നിർമ്മാണം, കെട്ടിടം, ഖനനം എന്നിവയിൽ ഉപയോഗിക്കുന്ന നൂതന ഹെവി ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. വ്യവസായ, ഇലക്ട്രോണിക്സ് മേഖലയിലെ പ്രമുഖ കമ്പനികളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ അലാത്ത് കമ്പനി സ്വകാര്യ മേഖലയെ കൂടുതൽ ശക്‌തിപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.