യുഎഇയിൽ ജോലി ചെയ്യുന്ന അമ്മമാർക്ക് വീട്ടിൽ ഇരുന്ന് അവരുടെ ചുമതലകൾ നിർവഹിക്കാൻ അനുവദിക്കണമെന്ന് നിർദേശം. ഫെഡറൽ നാഷണൽ കൗൺസിൽ അംഗം മറിയം മജീദ് ബിൻ താനിയയാണ് നിർദേശം മുന്നോട്ടുവെച്ചത്. 10 വയസിന് താഴെയുള്ള കുട്ടികളുള്ള ജോലി ചെയ്യുന്ന അമ്മമാർക്ക് വിദൂര തൊഴിൽ സംവിധാനം പ്രവർത്തികമാക്കണമെന്നാണ് മറിയം മജീദ് ബിൻ താനിയ ആവശ്യപ്പെട്ടത്.
10 വയസിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ അമ്മയുടെ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. അതിനാൽ ഒരു ദിവസത്തിന്റെ ആദ്യ പകുതിയിൽ അമ്മമാർക്ക് ഓഫീസിലും രണ്ടാം പകുതിയിൽ വീട്ടിൽ നിന്ന് വിദൂരമായും ജോലി ചെയ്യാൻ കഴിയുന്ന ഒരു സംവിധാനമാണ് ആവശ്യമെന്നാണ് ബിൻ താനിയ ആവശ്യപ്പെട്ടത്.
2022-ലെ ഫെഡറൽ ഡിക്രി ലോ നമ്പർ (49) അനുവദിച്ച പാർട്ട് ടൈം, താൽക്കാലിക, ഫ്ലെക്സിബിൾ, മുഴുവൻ സമയ തൊഴിൽ പാറ്റേണുകൾ ഉൾപ്പെടെയുള്ളവ രാജ്യത്ത് മുമ്പ് നടപ്പിലാക്കിയിരുന്നതായി ബിൻ താനിയ ചൂണ്ടിക്കാണിച്ചു. ഇത്തരത്തിലൊരു ജോലി സംവിധാനം നിലവിൽ വന്നാൽ കുട്ടികളെ പരിപാലിക്കുന്ന അമ്മമാർക്കും പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നവർക്കും വലിയ ആശ്വാസമാകുമെന്നും അവർ കൂട്ടിച്ചേർത്തു.