അന്താരാഷ്ട്ര പുരസ്കാര നിറവിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ (ഒ.സി.ഇ.സി). ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ (ഐ.എസ്.ഒ 22000: 2018) എന്ന വലിയ അംഗീകാരമാണ് ഒ. സി. ഇ. സിയെ തേടിയെത്തിയത്. ഭക്ഷ്യസുരക്ഷാ മേഖലയിൽ ഗുണമേന്മ വികസിപ്പിക്കുന്നതിനുള്ള ഒരു വർഷത്തെ തുടർച്ചയായ പ്രവർത്തന മികവിനാണ് പുരസ്കാരം.
ആഗോള ഭക്ഷ്യ സുരക്ഷാ ഓഡിറ്റിങ് കമ്പനിയുടെ വിപുലമായ പ്രക്രിയയ്ക്ക് ശേഷമാണ് ഈ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. അതേസമയം ഈ അഭിമാനകരമായ അംഗീകാരം നേടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ സി.ഇ.ഒ എൻജിനീയർ സഈദ് ബിൻ സലേം അൽ ഷാൻഫാരി പറഞ്ഞു.
കൂടാതെ ഐ.എസ്.ഒ 22000: 2018 സർട്ടിഫിക്കറ്റ് നേടിയത് അന്താരാഷ്ട്ര നിലവാരം ഉയർത്തിപ്പിടിക്കാനുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധതയിൽ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ഏകദേശം 1.5 ദശലക്ഷം ആളുകളാണ് എത്തിയത്. മാത്രമല്ല, ഇവന്റുകളുടെ പ്രധാനവേദിയായി ഒ.സി.ഇ.സി മാറി എന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും അധികൃതർ വ്യക്തമാക്കി.