വ്യാജ യാത്രാരേഖകൾ കണ്ടെത്താനുള്ള ദുബായ് വിമാനത്താവളത്തിലെ സമഗ്ര പരിശോധനാ സംവിധാനം ജനശ്രദ്ധ നേടുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്‌സിൻ്റെ നേതൃത്വത്തിലാണ് രേഖ പരിശോധനാകേന്ദ്രം പ്രവർത്തിക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലാണ് കേന്ദ്രം സ്ഥിതിചെയ്യുന്നത്.
കള്ളപ്പണം, വ്യാജരേഖകൾ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിൽ വൈദഗ്‌ധ്യമുള്ള 62 ഉദ്യോഗസ്ഥരാണ് കേന്ദ്രത്തിലുള്ളത്. വ്യാജരേഖകൾ കണ്ടെത്തുന്നതിനായി ഇവിടെ അത്യാധുനിക ത്രിമാന നൂതന സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, വിസ എന്നിവയുൾപ്പെടെ കഴിഞ്ഞവർഷം 1,327 വ്യാജരേഖകളാണ് കേന്ദ്രം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ദുബായ് വിമാനത്താവളത്തിലെ പാസ്പോർട്ട് കൺട്രോളിലെ എല്ലാ കൗണ്ടറുകളിലും സംശയാസ്‌പദമായ പാസ്പോർട്ടുകൾ പരിശോധിക്കാൻ സാധിക്കുന്ന യന്ത്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തത്തിലുള്ള പാസ്പോർട്ടുകൾ ആദ്യം പൊലീസ് സ്റ്റേഷനിലേക്ക് അയക്കുകയും പിന്നീട് തുടർനടപടികൾക്കായി പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്യും. തുടർന്നാണ് വിശദ പരിശോധനയ്ക്കായി കേന്ദ്രത്തിലേക്ക് അയക്കുക.