കുവൈറ്റ് മുനിസിപ്പാലിറ്റി ശ്മശാനങ്ങളിലെ വിലാപ ഹാളുകളിൽ ഹസ്തദാനം നിരോധിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. കുവൈറ്റ് പത്രമാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശവസംസ്കാര ചടങ്ങുകളിൽ ശാരീരിക സമ്പർക്കം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് ആരോഗ്യ മന്ത്രാലയം മുനിസിപ്പാലിറ്റിക്ക് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഹസ്തദാനം മൂലം പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനുമുള്ള പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് ശുപാർശയെന്ന് മന്ത്രാലയം മുനിസിപ്പാലിറ്റിക്ക് അയച്ച സർക്കുലറിൽ പറയുന്നു.
അനുശോചനം രേഖപ്പെടുത്തുന്നതിനായി കൈകൂപ്പിയാൽ മതിയെന്ന് മുനിസിപ്പാലിറ്റിയോട് മന്ത്രാലയം ശുപാർശ ചെയ്തു. ആരോഗ്യ മന്ത്രാലയത്തിൻ്റെ ശുപാർശ പ്രകാരം മുനിസിപ്പാലിറ്റി ഇതുമായി ബന്ധപ്പെട്ട് ഒരു സർക്കുലർ പുറപ്പെടുവിക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സൗദ് അൽ ദബൂസ് പറഞ്ഞു.