ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സസ്പെൻഡ് ചെയ്‌ത നടപടി പിൻവലിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി. നിലവിൽ ഐസിസി അംഗങ്ങൾ പാലിക്കേണ്ട ചട്ടങ്ങൾ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ലംഘിക്കുന്നില്ലെന്നും ബോർഡിനെ സസ്പെൻഡ് ചെയ്തതിന് ശേഷമുള്ള സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നെന്നും ഐസിസി വ്യക്തമാക്കി.
2023 ഏകദിന ലോകകപ്പിനിടെ ശ്രീലങ്കൻ ക്രിക്കറ്റ് മാനേജ്മെന്റ് അംഗങ്ങളെ സർക്കാർ ഇടപെട്ട് പുറത്താക്കിയിരുന്നു. ടൂർണമെന്റിലെ ടീമിൻ്റെ മോശം പ്രകടനത്തെ തുടർന്നാണ് പുറത്താക്കലെന്നായിരുന്നു സർക്കാരിൻ്റെ വിശദീകരണം. ക്രിക്കറ്റ് ബോർഡുകളിൽ സർക്കാർ ഇടപെടൽ പാടില്ലെന്ന ഐസിസി ചട്ടം ലംഘിച്ചതിനാലാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ ഐസിസി വിലക്കിയത്. ക്രിക്കറ്റ് ബോർഡുകൾ സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കണമെന്ന ഐസിസിയുടെ നിയമമായിരുന്നു ശ്രീലങ്ക ലംഘിച്ചത്.
പിന്നീട് നവംബർ 21-ന് ചേർന്ന ഐസിസി ബോർഡ് യോഗത്തിൽ ശ്രീലങ്കൻ ടീമിന് ഐസിസി ടൂർണ്ണമെൻ്റുകളിലടക്കം പങ്കെടുക്കാൻ സാധിക്കുമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ക്രിക്കറ്റ് ബോർഡിനുള്ള വിലക്കിനേത്തുടർന്ന് അണ്ടർ 19 ലോകകപ്പ് ശ്രീലങ്കലയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയിരുന്നു.