ഹൃതിക് റോഷനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ‘ഫൈറ്റർ’ തിയേറ്ററിൽ തരംഗമാകുന്നു. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 65 കോടി രൂപയാണ്. ആദ്യ ദിനം 24 കോടി രൂപയായിരുന്നു ചിത്രത്തിന് ലഭിച്ചത്. പിന്നീട് റിപ്പോർട്ടുകൾ അനുകൂലമായതോടെ രണ്ടാം ദിനം ഇരട്ടിയിലധികം കളക്ഷൻ ചിത്രം വാരുകയായിരുന്നു.
ഇന്ത്യയിൽ നിന്ന് മാത്രമുള്ള കളക്ഷനാണ് 65 കോടി. ആഗോള കലക്ഷനിൽ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടംനേടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഷംഷേർ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃതിക് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നായികയായ ദീപിക പദുകോണും എയർഫോഴ്സ് ഉദ്യോഗസ്ഥയായാണ് എത്തുന്നത്. അത്യുഗ്രൻ വിഎഫ്എക്സ് രംഗങ്ങളാണ് സിനിമയുടെ പ്രത്യേകത.
ഷാറൂഖ് ഖാൻ നായകനായ പഠാന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷൻ എന്റർടെയ്‌നറാണ് ഫൈറ്റർ. പഠാന് പിന്നാലെ ഫൈറ്ററും ഹിറ്റായതോടെ സിദ്ധാർഥ് ആനന്ദ് ബോളിവുഡിലെ മുൻനിര സംവിധായകനായി മാറിക്കഴിഞ്ഞു. അനിൽ കപൂർ, കരൺ സിങ് ഗ്രോവർ, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. രമോൺ ചിബ്, സിദ്ധാർഥ് ആനന്ദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മർഫ്‌ലിക്സ് പിക്ചേഴ്സും ചേർന്ന് 250 കോടി ബജറ്റിലാണ് ഫൈറ്റർ നിർമ്മിച്ചത്.