ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കുന്നു. ഇനി മുതൽ ഗവർണർക്കും കേരള രാജ്ഭവനും സി.ആർ.പി.എഫിൻ്റെ സെഡ് പ്ലസ് സുരക്ഷയാണ് ഒരുക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം രാജ്‌ഭവനെ അറിയിച്ചത്.
കൊല്ലം നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിന് ശേഷമുണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് നടപടി. പ്രതിഷേധത്തിന് പിന്നാലെ പ്രവർത്തകരോടും പൊലീസിനോടും കയർത്ത ഗവർണർ റോഡിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവർക്കെതിരെ കേസെടുക്കാതെ വാഹനത്തിൽ കയറില്ലെന്നുമുള്ള ഉറച്ച നിലപാട് ഗവർണർ സ്വീകരിച്ചതോടെ പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
Union Home Ministry has informed Kerala Raj Bhavan that Z+ Security cover of CRPF is being extended to Hon'ble Governor and Kerala Raj Bhavan :PRO,KeralaRajBhavan
— Kerala Governor (@KeralaGovernor) January 27, 2024
സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി ഓഫീസിൽ നിന്നും ഗവർണറെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കിയതായി രാജ്‌ഭവൻ വൃത്തങ്ങൾ അറിയിച്ചു. ഉപരാഷ്ട്രപതി ജഗ്‌ധീപ് ധൻകർ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഗവർണറെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കിയതായാണ് റിപ്പോർട്ട്.