പുരുഷ ഡബിൾസിലെ ടെന്നീസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി രോഹൻ ബൊപ്പണ്ണ. 43-ാം വയസിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ സെമി ഫൈനലിൽ രോഹൻ ബൊപ്പണ്ണ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ നേട്ടം. കരിയറിൽ ആദ്യമായാണ് ബൊപ്പണ്ണ ടെന്നിസ് ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്.
ബുധനാഴ്ച നടന്ന ക്വാര്‍ട്ടർ മത്സരത്തിൽ അര്‍ജന്റീനയുടെ മാക്സിമോ ഗോണ്‍സാലസ് – ആന്ദ്രേസ് മോള്‍ട്ടെനി സഖ്യത്തെ പരാജയപ്പെടുത്തിയായിരുന്നു (6-4, 7-6 (5) ബൊപ്പണ്ണ – എബ്ഡെന് സഖ്യത്തിന്റെ സെമി പ്രവേശനം. പുതിയ ഡബിൾസ് റാങ്കിംഗിൽ ഓസ്ട്രേലിൻ താരം മാത്യു എബ്ഡെൻ രണ്ടാം സ്ഥാനത്തെത്തി. അതേസമയം ഓസ്ട്രലിയൻ ഓപ്പൺ വിജയിച്ചാൽ ബൊപ്പണ്ണയ്ക്ക് കരിയറിൽ ആദ്യമായി ഗ്രാൻഡ്സ്ലാം കിരീടം നേടാനും സാധിക്കും. മുമ്പ് രണ്ട് തവണ ഗ്രാൻഡ്സ്ലാം കിരീടത്തിന് അരികിലെത്തിയിട്ടുണ്ടെങ്കിലും ബൊപ്പണ്ണയുടെ സഖ്യം പരാജയപ്പെട്ടുപോവുകയായിരുന്നു.
അമേരിക്കൻ ഡബിൾസ് സ്പെഷ്യലിസ്റ്റ് രാജീവ് റാമിൻ്റെ(38) പേരിലായിരുന്നു റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ്. 2022 മാർച്ചിലായിരുന്നു ഈ നേട്ടം. ഈ റെക്കോർഡാണ് ബൊപ്പണ്ണ തകർത്തത്. മാത്രമല്ല മഹേഷ് ഭൂപതി, ലിയാണ്ടർ പേസ്, സാനിയ മിർസ എന്നിവർക്ക് ശേഷം ഡബിൾസിൽ ഒന്നാം റാങ്കിലെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന ബഹുമതിയും ഇതോടെ ബൊപ്പണ്ണ നേടി. നേരത്തേ ഓപ്പണ്‍ യുഗത്തില്‍ ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന നേട്ടം സ്വന്തമാക്കി ഒരു വര്‍ഷത്തിനുള്ളിലാണ് താരത്തെ തേടി പുതിയ റെക്കോഡ് എത്തിയിരിക്കുന്നത്.