ജനുവരി 12നാണ് തിരുവനന്തപുരം മുട്ടട സ്വദേശി അനിൽ കുമാർ വിൻസന്റിനെ ദുബായിൽ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. പാക്കിസ്ഥാൻ സ്വദേശികളാണ് തിരുവനന്തപുരം മുക്കോല ബിവിനത്തിൽ അനിലിനെ കൊലപ്പെടുത്തിയത്.
പാക്കിസ്ഥാൻ സ്വദേശികൾ ഇവർ നടത്തിയ സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെ തുടർന്നാണ് അനിലിനെ ഇവർ വക വരുത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. 36 വർഷമായി ദുബായിലെ ടി സിങ് ട്രേഡിങ് എൽഎൽസിയിലെ പിആർഒ ആയിരുന്നു അനിൽ. ദുബായ് ടെക്സ്റ്റൈൽ സിറ്റിക്കകത്തെ വെയർ ഹൗസിലായിരുന്നു കൊലപാതകം.
അനിലിന്റെ മൂത്ത സഹോദരൻ അശോക് കുമാർ വിൻസൻറ് ഇതേ കമ്പനിയിൽ ഫിനാൻസ് മാനേജറാണ്. ഇദ്ദേഹത്തിൻറെ ആവശ്യപ്രകാരമാണ് ജോലി സംബന്ധമായ ആവശ്യത്തിന് ഈ മാസം 2ന് സഹപ്രവർത്തകനായ പാക്കിസ്ഥാൻ പൗരൻറെയും ഇയാൾ സഹായത്തിനു വിളിച്ച മറ്റൊരു പാക്കിസ്ഥാൻകാരൻറെയും കൂടെ അനിൽ ദുബായ് ടെക്സ്റ്റൈൽ സിറ്റിയിലെ വെയർ ഹൗസിലേക്ക് പോയത്. പിന്നീട് ആരും അനിലിനെ ജീവനോടെ കണ്ടിട്ടില്ല. കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഷാർജയിലെ മരുഭൂമിയിൽ കുഴിച്ചിട്ട നിലയിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതികൾ അനിലിനെ കഴുത്തു ഞെരിച്ച് കൊന്നുവെന്നാണ് വിവരം. അനിലിന്റെ മൃതദേഹം മുട്ടട ഹോളിക്രോസ് പള്ളിയിൽ സംസ്കരിച്ചു.