വ്യക്തികൾക്ക് ആദായനികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ച ആലോചനകൾ നടക്കുന്നില്ലെന്ന് വ്യക്തമാക്കി യുഎഇ ധനകാര്യ മന്ത്രാലയം. അറബ് നാണയ നിധിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറബ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ നിരവധി സ്വദേശികളുടെയും പ്രവാസികളുടെയും ആശങ്കയാണ് ഇല്ലാതായത്.
ആദായ നികുതി ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് അടുത്തിടെ സൗദി അറേബ്യയും വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ യുഎഇയും നയം വ്യക്തമാക്കിയിരിക്കുന്നത്. ജൂൺ മുതൽ യുഎഇയിൽ കോർപ്പറേറ്റ് നികുതി നിലവിൽ വന്നിരുന്നു. 2024 കലണ്ടർ വർഷം മുതൽ വാർഷിക വരുമാനം 10 ലക്ഷം ദിർഹമിൽ കൂടുതലുള്ള എല്ലാവരും കോർപ്പറേറ്റ് നികുതിക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കി രജിസ്റ്റർ നമ്പർ നേടിയിരിക്കണമെന്നായിരുന്നു നിർദേശം.
രാജ്യത്ത് താമസക്കാരല്ലാത്ത വ്യക്തികൾക്ക് യുഎഇയിൽ സ്ഥിരം സ്ഥാപനമുണ്ടാവുകയും 10 ലക്ഷം ദിർഹത്തിൽ കൂടുതൽ വരുമാനം ലഭിക്കുകയും ചെയ്‌താലാണ് നികുതി അടക്കേണ്ടി വരിക. ബിസിനസ് സ്ഥാപനങ്ങൾ ഒമ്പത് ശതമാനമാണ് കോർപ്പറേറ്റ് നികുതി നൽകേണ്ടത്. എന്നാൽ ജോലിയിൽ നിന്നുള്ള വരുമാനം, വ്യക്തിപരമായ നിക്ഷേപത്തിൽ നിന്നുള്ള വരുമാനം, റിയൽ എസ്‌റ്റേറ്റ് നിക്ഷേപ വരുമാനം എന്നിവയ്ക്ക് കോർപ്പറേറ്റ് നികുതിയിൽ ഇളവ് നൽകിയിട്ടുണ്ട്. കൂടാതെ സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ, ഖനന മേഖലയിലെ സ്ഥാപനങ്ങൾ തുടങ്ങിയവയെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.