പുതുച്ചേരിയിൽ ഗൃഹപ്രവേശ ചടങ്ങ് നടക്കാനിരിക്കെ മൂന്ന് നില വീട് തകർന്നുവീണു. പുതുച്ചേരി ഓട്ടുപട്ടിയിലെ അംബേദ്‌കർ നഗറിൽ പുതുതായി നിർമ്മിച്ച മൂന്ന് നില വീടാണ് തകർന്നത്. കെട്ടിടത്തിന് പിന്നിലെ ഓടയുടെ നവീകരണവുമായി ബന്ധപ്പെട്ട് ജെസിബി ഉപയോഗിച്ചപ്പോഴുണ്ടായ തൊഴിലാളികളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഫെബ്രുവരി 11-നായിരുന്നു വീടിന്റെ ഗൃഹപ്രവേശനം നിശ്ചയിച്ചിരുന്നത്.
ആർ.സാവിത്രിയുടെ(65) ഉടമസ്ഥതയിലുള്ള വീടാണ് ഉപ്പനൂർ കനാലിലേക്ക് തകർന്നുവീണത്. റോഡിൽ വിള്ളലുണ്ടായത് ഒരു സ്ത്രീയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നിർമ്മാണ തൊഴിലാളികളെ വിവരം അറിയിക്കുകയും തുടർന്ന് മിനിറ്റുകൾക്കകം കെട്ടിടം നിലംപതിക്കുകയുമായിരുന്നു. എന്നാൽ വീടിന്റെ അടിത്തറ നിർമ്മിച്ചതിലെ അപാകതയാണ് തകർച്ചക്ക് കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. ഒരു ചെറിയ വീടിനുള്ള അടിത്തറയായിരുന്നു കെട്ടിയിരുന്നത്. ഇതിന് മുകളിലായി മൂന്നുനില കെട്ടിടം പണിതതാണ് തകർച്ചയ്ക്ക് കാരണമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
#WATCH | Houses in the Attupatti area of Puducherry collapsed due to the digging of ditch as a part of drainage work pic.twitter.com/9nIn4AjU3w
— ANI (@ANI) January 22, 2024
വർഷങ്ങൾക്ക് മുമ്പാണ് വീടിൻ്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ സാമ്പത്തിക പരാധീനത മൂലം നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് 65 ലക്ഷം രൂപയുടെ സമ്പാദ്യം, ആഭരണങ്ങൾ വിറ്റ തുക, വായ്‌പ എന്നിവ ഉപയോഗിച്ച് കഴിഞ്ഞ വർഷമാണ് വീടിന്റെ നിർമ്മാണം പുനരാരംഭിച്ചത്.