ദുബായിൽ മലയാളിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മുട്ടട സ്വദേശി അനിൽ കുമാർ വിൻസന്റ് (60) ആണ് കൊല്ലപ്പെട്ടത്.
അനിൽകുമാറിനെ ഈ മാസം രണ്ട് മുതൽ കാണാതാവുകയായിരുന്നു. ‘ടി സിങ് ട്രേഡിങ്’ എന്ന സ്ഥാപനത്തിലെ പിആർഒ ആയിരുന്നു അനിൽ. തുടർന്ന് ബന്ധുക്കൾ ദുബായ് പൊലീസിൽ പരാതി നൽകുകയായിരുന്നു. അനിൽ കുമാർ ജോലിചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അനിൽകുമാറിന്റെ ജേഷ്ഠ സഹോദൻ അശോക് കുമാർ. അശോക് കുമാറിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് അനിൽ കുമാറിനെ കഴുത്ത് ഞെരിച്ച് കൊന്ന് ഷാർജയിലെ മരുഭൂമിയിൽ കുഴിച്ചുമൂടി എന്ന വിവരം ലഭിച്ചത്.
ജനുവരി 12ന് മൃതദേഹം പൊലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിൽ അനിൽ കുമാർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനടക്കം രണ്ട് പാക് സ്വദേശികളെ ദുബായിൽ അറസ്റ്റ് ചെയ്തു. 36 വർഷമായി ഈ കമ്പനിയിലെ ജീവനക്കാരനാണ് അനിൽകുമാർ. ഇദ്ദേഹം വഴക്കുപറഞ്ഞതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് വിവരം. കേസിലെ പ്രതിയായ മറ്റൊരു പാക് സ്വദേശി നാടുവിട്ടതായാണ് ലഭിക്കുന്ന വിവരം. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.