യുഎഇ ഫുഡ്ബാങ്ക് കഴിഞ്ഞവർഷം വിതരണം ചെയ്തത് 1.86 കോടിയിലധികം ഭക്ഷണപ്പൊതികൾ. ഫുഡ്‌ബാങ്കിൻ്റെ വിവിധ സംരംഭങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഭക്ഷണം വിതരണം ചെയ്തത്. 1.2 കോടി ഭക്ഷണപ്പൊതികളുടെ വിതരണം എന്ന ലക്ഷ്യം മറികടന്നാണ് വലിയ നേട്ടം കൈവരിച്ചത്. ഫുഡ്ബാങ്കിന്റെ പ്രവർത്തനം ആരംഭിച്ചത് മുതൽ 2023ന്റെ അവസാനം വരെ 6.8 കോടിയിലധികം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്.
മിച്ചഭക്ഷണം ആവശ്യക്കാർക്ക് നൽകുക, ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ 2017-ലാണ് ഫുഡ്‌ബാങ്ക് ആരംഭിച്ചത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സിന് കീഴിലാണ് സംരംഭം പ്രവർത്തിച്ചുവരുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ഭാര്യയും യുഎഇ ഫുഡ്ബാങ്ക് ട്രസ്റ്റിസ് ബോർഡ് ചെയർപേഴ്‌സണുമായ ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിൻ്റെ നിർദേശങ്ങളുടെ ഫലമായാണ് നേട്ടം കൈവരിച്ചതെന്ന് ഫുഡ്ബാങ്ക് ട്രസ്റ്റീസ് ബോർഡ് ഡെപ്യൂട്ടി ചെയർമാൻ ദാവൂദ് അൽ ഹജ്‌രി പറഞ്ഞു.
മിച്ചഭക്ഷണം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലൂടെ മാലിന്യം കുറയ്ക്കാനും ഗുണഭോക്താക്കൾക്ക് നല്ലഭക്ഷണം നൽകുകയുമാണ് ബാങ്കിൻ്റെ ലക്ഷ്യമെന്നും അൽ ഹജ്‌രി വ്യക്തമാക്കി. കഴിഞ്ഞ വർഷം വിവിധ സ്ഥലങ്ങളിൽ നിന്നായി 1.47 കോടി ദിർഹം സഹായധനം സ്വീകരിച്ചതായും 6,000 ടൺ ഭക്ഷ്യനഷ്ടം ഒഴിവാക്കിയതായും ഫുഡ്ബാങ്ക് അധികൃതർ പറഞ്ഞു. പഴം, പച്ചക്കറി, ഭക്ഷ്യവിഭവങ്ങൾ, അരി, ഗോതമ്പ്, പാൽ ഉല്പന്നങ്ങൾ, ചീസ് ഉല്പന്നങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഭക്ഷ്യവസ്‌തുക്കളാണ് ഫുഡ്ബാങ്ക് കഴിഞ്ഞ വർഷം ശേഖരിച്ചത്.
ഭൂകമ്പം നാശംവിതച്ച തുർക്കി, സിറിയ എന്നിവിടങ്ങളിലേക്ക് 293 ടൺ ഭക്ഷണവും വെള്ളപ്പൊക്കം രൂക്ഷമായ ലിബിയയിലേക്ക് 54 ടൺ ഭക്ഷ്യവസ്തുക്കളും ഗാസയിലേക്ക് 60 ടൺ ഭക്ഷ്യവസ്തുക്കളും ഫുഡ്ബാങ്ക് വിതരണം ചെയ്തിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഭക്ഷണം പാഴാക്കുന്നത് 30 ശതമാനം കുറയ്ക്കുകയാണ് പദ്ധതിയുടെ അടുത്ത ലക്ഷ്യം.