വീടുകളിൽ സോളർ പാനലുകൾ സ്ഥാപിക്കുന്നതിന് ആളുകളെ സഹായിക്കുന്ന ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി സാധാരണക്കാരുടെ വൈദ്യുതി ബിൽ കുറയ്ക്കുകയും ഇന്ത്യയെ ഊർജ മേഖലയിൽ സ്വയം പര്യാപ്തമാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷമുള്ള തന്റെ ആദ്യ തീരുമാനമെന്ന് അറിയിച്ചാണ് അദ്ദേഹം പദ്ധതി പ്രഖ്യാപിച്ചത്.
‘‘ലോകത്തിലെ എല്ലാ ഭക്തർക്കും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തിൽ നിന്ന് എപ്പോഴും ഊർജം ലഭിക്കുന്നുണ്ട്. ഇന്ന് അയോധ്യയിലെ ചടങ്ങിനിടെ ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ വീടുകളുടെ മേൽക്കൂരയിൽ സ്വന്തമായി സോളാർ റൂഫ്ടോപ്പ് സംവിധാനം ഉണ്ടായിരിക്കണം എന്ന എന്റെ ആഗ്രഹം കൂടുതൽ ശക്തിപ്പെട്ടു. ഒരു കോടി വീടുകളിൽ റൂഫ്‌ടോപ്പ് സോളർ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സർക്കാർ ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ പദ്ധതി ആരംഭിക്കും’- പ്രധാനമന്ത്രി പറഞ്ഞു.
‘അയോധ്യയിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം ഞാൻ എടുത്ത ആദ്യ തീരുമാനമാണിത്. ഈ പദ്ധതി പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറയ്ക്കും. മാത്രമല്ല ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യും’’- അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച പോസ്റ്റിലൂടെ അറിയിച്ചു.