ഷാർജയിലെ ഡെലിവറി ബൈക്ക് ജീവനക്കാർക്കായി റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന് തുടക്കമിട്ട് പൊലീസ്. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഷാർജ ട്രാഫിക് ആന്റ് പട്രോൾ ഡിപ്പാർട്ട്മെന്റാണ് കാമ്പയിൻ ആരംഭിച്ചത്. ബൈക്ക് യാത്രികരിൽ നിന്ന് സാധാരണ സംഭവിക്കുന്ന ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ച് ഡെലിവറി ജീവനക്കാരിൽ അവബോധമുണ്ടാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
‘സേഫ് ഡ്രൈവിങ് മോട്ടോർ സൈക്കിൾ’ എന്ന പേരിലാണ് ഷാർജ പൊലീസ് കാമ്പയിൻ നടത്തുന്നത്. അപകടങ്ങൾ പരമാവധി കുയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. എമിറേറ്റിലെ വിവിധ കമ്പനികളിൽ നിന്നുള്ള ഡെലിവറി റൈഡേഴ്‌സിന് അധികൃതർ ബോധവത്കരണ ക്ലാസുകൾ നൽകും.
ഹെൽമെറ്റ് ധരിക്കുക, വേഗപരിധി പാലിക്കുക, ലൈനുകൾ സൂക്ഷിക്കുക, തെറ്റായ ഓവർടേക്കിങ്ങിൽ നിന്ന് വിട്ടുനിൽക്കുക, പെട്ടെന്നുള്ള ലൈൻ വെട്ടിക്കൽ നടത്താതിരിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ബോധവത്കരണം നൽകുന്നത്. മാർച്ച് വരെ കാമ്പയിൻ തുടരാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.