ബാലണ്‍ ദി ഓറിന്റെയും ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വസ്‌തുതകളെ അടിസ്ഥാനമാക്കിയല്ല അവാർഡുകൾ നൽകുന്നതെന്ന് പറഞ്ഞ താരം ഈ സംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാവുന്നതിനാൽ ഇപ്പോൾ താൻ ഈ പുരസ്കാര ചടങ്ങുകൾ കാണാറില്ലെന്നും പറഞ്ഞു. ദുബായിലെ ഗ്ലോബൽ സോക്കർ പുരസ്‌കാര ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.
“ഒരു തരത്തിൽ ഈ അവാർഡുകൾക്ക് വിശ്വാസ്യത നഷ്ടപ്പെടുന്നതായി ഞാൻ കരുതുന്നു. നമ്മൾ മുഴുവൻ സീസണും വിശകലനം ചെയ്യണം. മെസിയോ ഹാളണ്ടോ എംബാപ്പെയോ അതിന് അർഹരല്ലെന്നല്ല പറയുന്നത്. ഞാൻ ഇനി ഈ അവാർഡുകളിൽ വിശ്വസിക്കുന്നില്ല, അത് ഞാൻ ഗ്ലോബ് സോക്കർ വിജയിച്ചതുകൊണ്ടല്ല. പക്ഷേ ഇവ വസ്‌തുതകളാണ്, കണക്കുകളാണ്, കണക്കുകൾ കള്ളം പറയില്ല. അവർക്ക് ഈ നമ്പറുകളുടെ ട്രോഫി എന്നിൽ നിന്ന് എടുക്കാൻ കഴിയില്ല, കാരണം ഇത് ഒരു യാഥാർത്ഥ്യമാണ്, അതിനാൽ ഇത് എന്നെ കൂടുതൽ സന്തോഷിപ്പിക്കുന്നു, കാരണം എൻ്റെ നമ്പറുകൾ സത്യമാണ്” എന്നാണ് റൊണാൾഡോ പറഞ്ഞത്.
അർജന്റീന താരം ലയണൽ മെസിയാണ് ബാലണ്‍ ദി ഓറും ഫിഫ ദി ബെസ്റ്റ് പുരസ്കാരവും അടുത്തിടെ സ്വന്തമാക്കിയത്. കൂടാതെ മെസി എട്ട് തവണ ബാലണ്‍ ദി ഓർ പുരസ്കാരവും നേടിയിരുന്നു. റൊണാൾഡോയുടെ വാക്കുകൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്.