സാഹസിക വിനോദ സഞ്ചാര മേഖലയിൽ പുത്തൻ കാൽവയ്പ്പുമായി സൗദി. ‘ദി റിഗ്’ എന്ന പേരില്‍ ആഗോള സാഹസിക കേന്ദ്രം സ്ഥാപിക്കാനൊരുങ്ങുകയാണ് രാജ്യം. കടലിന് നടുവിൽ ഓയിൽ തീം അമ്യൂസ്മെന്റ് പാർക്ക് നിർമിക്കാനാണ് സൗദി പദ്ധതിയിടുന്നത്. പദ്ധതി പ്രവർത്തനം സജ്ജമാകുന്നതോടെ പ്രതിവർഷം ഒമ്പത് ലക്ഷം സന്ദർശകരെ പാർക്കിലേക്ക് ആകർഷിക്കാനാവുമെന്നാണ് വിലയിരുത്തുന്നത്.
പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ മുതൽ മുടക്കിൽ ഓയില്‍ പാർക്ക് ഡവലപ്പ്മെന്റ് കമ്പനിയാണ് ഈ വ്യത്യസ്തമായ പാർക്ക് നിർമിക്കുന്നത്. സമുദ്ര കായിക വിനോദങ്ങളെയും സാഹസിക വിനോദങ്ങളെയും സമന്വയിപ്പിക്കുന്നതാണ് പദ്ധതി. വാട്ടർ തീം അമ്യൂസ്മെന്റ് പാർക്കിന്റെ മാതൃകയിൽ കടലിലെ എണ്ണ ഖനന സംവിധാനമായ റിഗിന്റെ രൂപത്തിലായിരിക്കും ഈ ഓയിൽ തീം അമ്യൂസ്മെന്റ് പാർക്ക് നിർമിക്കുന്നത്.
അതേസമയം രാജ്യത്തെ ടൂറിസം മേഖലക്ക് പ്രത്യക്ഷമായും പരോക്ഷമായും സഹായമാകുന്നതാണ് ഈ പദ്ധതി. മാത്രമല്ല, പദ്ധതി വഴി സ്വദേശികൾക്ക് വലിയ തൊഴിലവസരങ്ങളും ഒരുങ്ങും. അറേബ്യൻ ഉൾക്കടലിൽ അൽ ജരീദ് ദ്വീപിനും അൽബരി എണ്ണപ്പാടത്തിനും സമീപമായാണ് പാർക്ക് സ്ഥാപിക്കുക. കൂടാതെ ഹോട്ടലുകളും റസ്റ്ററന്റ് അടക്കമുള്ള പദ്ധതിയായിരിക്കും ‘ദി റിഗ്’.