ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വിൽപ്പനച്ചരക്കായി ശ്രീരാമന്റെ പേര് മാറിയെന്ന് കഥാകൃത്ത് ടി പത്മനാഭൻ. തെരഞ്ഞെടുപ്പിൽ അയോധ്യയായിരിക്കും അവരുടെ തുറുപ്പ് ചീട്ട് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏറ്റവും വലിയ ശ്രീരാമ ഭക്തൻ ഗാന്ധിജിയാണെന്നും അദ്ദേഹം കണ്ട ഏക സിനിമ രാമരാജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജയ് ശ്രീറാം വിളിച്ചില്ലെങ്കിൽ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറിയെന്നും അദ്ദേഹം വിമർശിച്ചു.
ടി. പത്മനാഭന്റെ വാക്കുകൾ
‘ശ്രീരാമന്‍റെ പേര് പറഞ്ഞില്ലെങ്കിലോ പരസ്പരം കാണുമ്പോൾ ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കിലോ കുത്തിക്കൊല്ലുന്ന നാടാണിത്. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ഇനി അത് വര്‍ധിക്കാനാണ് കൂടുതൽ സാധ്യത. ഏറ്റവും വലിയ രാമഭക്തൻ ഗാന്ധിജി ആയിരുന്നു. അദ്ദേഹം കണ്ട ഏക സിനിമ രാമരാജ്യവും. ഇനി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ അവരുടെ ഏറ്റവും വലിയ തുറുപ്പു ചീട്ട് ശ്രീരാമന്‍റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും. അതില്‍ യാതൊരു സംശയവുമില്ല. ഈ തുറപ്പ് ചീട്ടും വെച്ചുകൊണ്ടായിരിക്കും ഇനി അവരുടെ കളി’ ടി.പത്മനാഭൻ പറഞ്ഞു.