ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസിൻറെ ട്രയൽ റൺ നടത്തി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ബജറ്റ് ടൂറിസത്തിന് വേണ്ടി കെഎസ്ആർടിസി വാങ്ങിയ രണ്ട് ഓപ്പൺ ബസുകളിലൊന്നാണ് തലസ്ഥാനത്തെത്തിയത്. നവകേരള ബസിന്റെ നിറമാണ് ഈ ബസ്സിന്.തിരുവനന്തപുരത്തെ നഗര കാഴ്ചകൾ കാണാനാണ് ഈ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് ഉപയോഗിക്കുക.
ബസ് മുംബൈയിൽ നിന്നാണ് എത്തിയത്. യാത്രക്കാർക്ക് ടിവി കാണാം, പാട്ട് കേൾക്കാം. അഞ്ച് ക്യാമറകൾ ബസിനകത്തുണ്ട്. താഴത്തെ നിലയിൽ 30 സീറ്റുകളാണുള്ളത്. മുകളിലാകട്ടെ 35 സീറ്റുകളുണ്ട്. ബസിൻറെ മുൻപിലൂടെയും പിന്നിലൂടെയും രണ്ട് വഴികളുണ്ട് കയറാൻ. കാഴ്ചകൾ മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ മുകളിലത്തെ നില തുറന്നുകിടക്കുകയാണ്. പത്മനാഭസ്വാമിക്ഷേത്രം, ഭീമാപള്ളി, ശംഖുമുഖം, പാളയം തുടങ്ങി തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളിലൂടെയൊക്കെ ബസ് പോകും. കെഎസ്ആർടിസി സ്വിഫ്റ്റിൻറെ ഉടമസ്ഥതയിലാണ് ബസ്.
ഗണേഷ് കുമാർ ഓടിച്ച ബസിൽ കെഎസ്ആർടിസിയിലെ ജീവനക്കാരും ഉദ്യോഗസ്ഥരുമായിരുന്നു യാത്രക്കാർ. കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ , ജോയിൻറ് മാനേജിങ് ഡയറക്ടർ പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവർ ബസിൽ യാത്ര ചെയ്തു.