ഷീന ബോറ വധക്കേസ് മുഖ്യപ്രതിയും ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവറും കേസിലെ മാപ്പ് സാക്ഷിയുമായിരുന്ന ശ്യാംവർ റായിക്ക് ഹൈക്കോടതി ജാമ്യം നൽകി. റായി ജയിൽ മോചിതനാകുന്നത് 7 വർഷത്തിന് ശേഷമാണ്. 2015 ഓഗസ്റ്റിലാണ് റായി ഷീന ബോറ വധക്കേസിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയത്.
കേസിൽ ഇന്ദ്രാണി മുഖർജിക്കും കൂട്ടുപ്രതിയായ പീറ്റർ മുഖർജിക്കും സുപ്രീം കോടതിയും ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ ജാമ്യം ആവശ്യപ്പെട്ട് റായിയും കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് റായിയുടെ ഹർജി ശരിവെച്ച് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
ശ്യാംവർ റായ് കേസിൽ പൊതുമാപ്പ് സാക്ഷിയാണെന്നും സുരക്ഷയുടെ ഭാഗമായി കേസ് തീർപ്പാക്കുന്നതുവരെ റായിയെ വിട്ടയക്കാനാകില്ലെന്നുമുള്ള വാദം ഉയർത്തി സിബിഐ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.
ആയുധങ്ങൾ കൈവശം വച്ചതിന് 2015ൽ റായി മുംബൈ പൊലീസിന്റെ വലയിലാവുകയാണ് ഉണ്ടായത്. ഷീനയുടെ അമ്മ ഇന്ദ്രാണിയും ആദ്യ ഭർത്താവ് സഞ്ജീവ് ഖന്നയും റായിയും ചേർന്നാണ് ഷീന ബോറ കൊലപാതകം നടത്തിയതെന്ന് പിന്നീട് അന്വേഷണത്തിൽ തെളിയുകയായിരുന്നു.