മാർപാപ്പയുടെ അനുഗ്രഹവും ഒപ്പിട്ട ബാറ്റും ഏറ്റുവാങ്ങി വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾ പോരാട്ടത്തിനൊരുങ്ങി. ഇത്തവണ വത്തിക്കാനിലെ ഔദ്യോഗിക ക്രിക്കറ്റ് ടീമായ സെന്റ് പീറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിൽ ക്യാപ്റ്റനുൾപ്പെടെ അഞ്ച് മലയാളികളാണ് ഉൾപ്പെട്ടിരിക്കുന്നത്. ചങ്ങനാശേരി സ്വദേശി ഫാ. ജോസ് ഈട്ടുള്ളിയാണ് ടീമിന്റെ ക്യാപ്റ്റൻ.
ഈ വർഷം പുതിയതായി ടീമിലെത്തിയവരാണ് മത്സരത്തിന് മുന്നോടിയായി ഫ്രാൻസിസ് മാർപാപ്പയെ നേരിൽക്കണ്ട് അനുഗ്രഹം വാങ്ങിയത്. മാർപാപ്പയുടെ ഒപ്പോടുകൂടിയ ക്രിക്കറ്റ് ബാറ്റും അവർ ഏറ്റുവാങ്ങി. ഇത്തവണത്തെ സെന്റ് പീറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആദ്യമത്സരം ഇംഗ്ലണ്ടിൽ കിങ് ചാൾസ് ഇലവനുമായാണ്.
ക്രിക്കറ്റിലൂടെ രാജ്യങ്ങൾ തമ്മിലുള്ള ആത്മബന്ധം ഉറപ്പിക്കുകയും സാഹോദര്യം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാൻ ക്രിക്കറ്റ് ക്ലബ്ബ് ആരംഭിച്ചത്. 2018-ൽ വത്തിക്കാൻ ക്രിക്കറ്റ് ക്ലബ്ബായെങ്കിലും ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത് 2023ലാണ്. പാക്കിസ്ഥാൻ, ശ്രീലങ്ക, ഇറ്റലി, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിലെ വൈദികരും വൈദിക വിദ്യാർത്ഥികളും അൽമായരുമായ 45 അംഗങ്ങളാണ് ടീമിലുള്ളത്.