ജനങ്ങൾക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യമൊരുക്കിയതിലൂടെ നേട്ടം കൊയ്ത് ദുബായ് ആർ.ടി.എ. അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും ഗതാഗത ശൃംഖലയെ മെച്ചപ്പെടുത്തിയും 26,200 കോടി ദിർഹത്തിന്റെ ലാഭമാണ് ആർടിഎ സ്വന്തമാക്കിയത്. റോഡും ഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുത്താൻ സർക്കാർ ചെലവഴിച്ചത് 14,000 കോടി ദിർഹമാണെന്നും എന്നാൽ പൊതുഗതാഗത സൗകര്യങ്ങളിലൂടെ ആർ.ടി.എ വലിയ നേട്ടം കൊയ്തുവെന്നും ദുബായ് ആർടിഎ ഡയറക്‌ടർ ജനറൽ മാത്തർ അൽ തായർ വ്യക്തമാക്കി.
2006 മതൽ 2023 വരെയുള്ള കാലഘട്ടത്തിലാണ് ദുബായ് ആർ.ടി.എ 26,200 കോടിയുടെ ലാഭം നേടിയത്. പൊതുഗതാഗത സൗകര്യങ്ങളിലൂടെ 2022-ൽ മാത്രം നേടിയ വരുമാനം 890 കോടിയാണ്. 2006-ൽ ദുബായിലെ പൊതുഗതാഗതം ഉപയോഗിച്ചിരുന്നവരുടെ എണ്ണം 9.5 കോടി ആയിരുന്നെങ്കിൽ 2022-ൽ ഇത് 50 കോടിയായി വർധിച്ചുവെന്നും ദുബായ് മെട്രോ സ്ഥാപിക്കാൻ ചെലവായ പണം ഇതിനോടകം തിരികെ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
2030 ആകുമ്പോഴേക്കും ദുബായ് മെട്രോയ്ക്കായി ചെലവാക്കിയ ഒരു ദിർഹത്തിന് 4.3 ദിർഹം തിരികെ ലഭിക്കുമെന്നാണ് വിലയിരുത്തൽ. വൈദ്യുതിയിലേക്കും മറ്റ് പുനരുപയോഗ ഊർജത്തിലേക്കുമുള്ള ആർടിഎയുടെ മാറ്റം കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാൻ സാധിച്ചു. ഇതുവഴി 50 കോടിയുടെ ലാഭമാണ് ആർടിഎ കണക്കാക്കുന്നത്. പുതിയതായി പ്രഖ്യാപിച്ച ദുബായ് മെട്രോ ബ്ലൂ ലൈൻ വഴി 2040-നുള്ളിൽ 565 കോടിയുടെ സാമ്പത്തിക നേട്ടം കൊയ്യാൻ സാധിക്കുമെന്നും മാത്തർ അൽ തായർ വ്യക്തമാക്കി.
ദുബായ് ടാക്സി പൊതുമേഖലാ സ്ഥാപനമായി മാറ്റിയപ്പോൾ 2,400 കോടിയുടെ നേട്ടമാണുണ്ടായത്. ദുബായ് രാജ്യാന്തര സാമ്പത്തിക വിപണിയിൽ ദുബായ് ടാക്‌സിയെ ലിസ്‌റ്റ് ചെയ്തപ്പോൾ 600 കോടിയായിരുന്നു ദുബായ് ടാക്സിയുടെ ഓഹരി മൂല്യം. സബ്‌സ്ക്രിപ്ഷൻ വഴി സാലിക്കിന്റെ ഐപിഒ 18,000 കോടിയും ദുബായ് ടാക്സിയുടെ ഐപിഒ 15,000 കോടി ദിർഹവും നേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.