തമിഴ് ചിത്രം ‘അന്നപൂരണിയിൽ’ ശ്രീരാമനെ അപഹസിക്കുന്ന പരാമർശമുണ്ടെന്ന വിവാദത്തിൽ സിനിമയിലെ നായികയായ നയൻതാര മാപ്പ് പറഞ്ഞു. ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ ‘ജയ്ശ്രീറാം’ എന്ന തലക്കെട്ടോട് കൂടിയ മൂന്ന് ഭാഷയിലാണ് ക്ഷമാപണ കത്ത് പങ്കുവച്ചത്. വിശ്വാസിയായ തന്റെ പ്രവൃത്തി ബോധപൂർവമല്ലെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും നയൻതാര ക്ഷമാപണ കത്തിൽ പറഞ്ഞു.
” നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത ‘അന്നപൂരണി’ എന്ന എന്റെ സിനിമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയമാണ്. ഇതുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഈ പ്രസ്താവന നടത്തുന്നത്. ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത്. ‘അന്നപൂരണി’ എന്ന സിനിമയെടുത്തത് വെറുമൊരു കച്ചവട ലക്ഷ്യത്തോടെ മാത്രമല്ല. അതിലുപരി ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമം കൂടിയായിരുന്നു. നിശ്ചയദാർഢ്യത്തോടെ പോരാടിയാൽ എന്തും നേടാം എന്ന രീതിയിലാണ് അന്നപൂരണി സിനിമ ഒരുക്കിയത്”- താരം വ്യക്തമാക്കി.
അന്നപൂരണിയിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. എന്നാൽ അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങൾക്ക് തോന്നി. അതൊരിക്കലും മനപൂർവമായിരുന്നില്ല. മാത്രമല്ല സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തുകയും തിയേറ്ററിൽ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ OTT-യിൽ നിന്ന് നീക്കം ചെയ്തത് ഞങ്ങളെ അതിശയിപ്പിച്ചു. ആരുടേയും വികാരം വ്രണപ്പെടുത്താൻ എനിക്കും എന്റെ ടീമിനും ഉദ്ദേശമില്ല. കൂടാതെ ഈ വിഷയത്തിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാമെന്നും നയൻതാര പറഞ്ഞു.
എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുന്ന ദൈവവിശ്വാസിയായ ഞാൻ ഒരിക്കലും മനഃപൂർവ്വം ഇത് ചെയ്യില്ല. അതിനപ്പുറം, ഏതെങ്കിലും തരത്തിൽ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. മറ്റുള്ളവരെക്കൂടി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്നപൂരണിയുടെ യഥാർത്ഥ ലക്ഷ്യം. അല്ലാതെ കുറ്റപ്പെടുത്തലല്ല. പോസിറ്റീവ് ചിന്തകൾ പ്രചരിപ്പിക്കാനും മറ്റുള്ളവരിൽ നിന്ന് നല്ല കാര്യങ്ങൾ പഠിക്കാനും മാത്രമാണ് എന്റെ ഈ 20 വർഷത്തെ സിനിമാ യാത്രയുടെ ഉദ്ദേശം എന്ന് ഒരിക്കൽ കൂടി ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് നടി കുറിപ്പ് അവസാനിപ്പിക്കുന്നത്.
സിനിമയിലൂടെ ശ്രീരാമനെ മോശമായി ചിത്രീകരിച്ചു. മാത്രമല്ല, ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ചു എന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് ചിത്രത്തിനെതിരെ ഉയർന്നുവന്ന പരാതി. സംഭവം വിവാദമായതോടെ നെറ്റ്ഫ്ലിക്സ് ചിത്രം പിൻവലിക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നയൻതാര ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു. ഡിസംബർ ഒന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം 29-നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.