ബഹ്റൈനിൽ പ്രവാസികളുടെ സി.പി.ആർ കാർഡുകൾ താമസവിസയുമായി ബന്ധിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട നിർദേശത്തിന് എം.പിമാർ അംഗീകാരം നൽകി. നിർദേശം നടപ്പിലായാൽ പ്രവാസികൾ വിസ പുതുക്കുന്നതോടൊപ്പം സി.പി.ആറും പുതുക്കേണ്ടതായിവരും.
ജലാൽ ഖാദിമിൻ്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് നിർദേശം മുന്നോട്ടുവച്ചത്. 2006-ലെ ഐഡന്റിറ്റി കാർഡ് നിയമത്തിലാണ് എം.പിമാർ ഭേദഗതികൾ ആവശ്യപ്പെട്ടത്. ആഭ്യന്തര മന്ത്രാലയവും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെൻ്റും ഈ നിർദേശത്തെ അനുകൂലിക്കുകയായിരുന്നു. അനധികൃത താമസക്കാരെ ഈ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് തടയാൻ ഈ നീക്കത്തിലൂടെ സാധിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയവും ഇൻഫർമേഷൻ ആന്റ് ഇ-ഗവൺമെന്റും വ്യക്തമാക്കുന്നത്.
പുതിയ ഭേദഗതി മനുഷ്യാവകാശ ലംഘനമാകില്ലെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സിന്റെയും വിലയിരുത്തൽ. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വർക്ക് പെർമിറ്റുകൾ റദ്ദാക്കുമ്പോഴെല്ലാം സി.പി.ആർ റദ്ദാക്കുന്നുണ്ടെന്നും താമസ വിസയില്ലാത്തവരും ആരോഗ്യം, ബാങ്ക് മറ്റ് സേവനങ്ങൾ എന്നിവ സി.പി.ആർ ഉപയോഗിച്ച് സ്വീകരിക്കുന്നുണ്ടെന്നും ഇത് തടയാൻ പുതിയ നടപടി ആവശ്യമാണെന്നും അധികൃതർ പറഞ്ഞു.