നാലായിരം കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡിൽ നടന്ന ചടങ്ങിൽ മൂന്നു വൻകിട പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.ഷിപ്പ് യാർഡിലെ പുതിയ ഡ്രൈഡോക്ക് രാജ്യത്തിന് അഭിമാനമാണ്. പുതിയ പദ്ധതികൾ വികസനത്തിന്റെ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കപ്പൽ അറ്റകുറ്റപ്പണിക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാകും. ഇതുവഴി കോടികൾ വിദേശത്തേക്ക് ഒഴുകുന്നത് നിൽക്കും. പദ്ധതികൾ ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി വികസനത്തിന് കുതിപ്പേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ കേരളീയർക്കും എന്റെ നല്ല നമസ്‌കാരം എന്നു മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത്. ഇന്ന് ഭാഗ്യദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്താൻ ഭാഗ്യം ലഭിച്ചു. തൃപ്രയാറിലെ രാമക്ഷേത്രത്തിലും ദർശനം നടത്താൻ സൗഭാഗ്യമുണ്ടായി. കേരളത്തിന്റെ വികസനോത്സവത്തിൽ പങ്കെടുക്കാനും അവസരം കിട്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ നേരിട്ട് വന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി പറഞ്ഞു. നാലിയരം കോടിയുടെ പദ്ധതികൾ കേരള മണ്ണിൽ നിന്ന് സമർപ്പിക്കുന്നത് നാടിനാകെ അഭിമാനകരമായ കാര്യമാണ്. ഡ്രൈ ഡോക്ക്, കപ്പൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയിലും കൂടി നാലായിരം പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രിമാരായ സർബാനന്ദ് സോനോവാൾ, വി മുരളീധരൻ, ജനപ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.