കഴിഞ്ഞ വര്‍ഷം 90 ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ഭക്ഷണവും സഹായവും പിന്തുണയും നൽകാൻ കഴിഞ്ഞതായി യുഎഇ പ്രധാനന്ത്രിയും ദുബായ് ഭരണാധികാരിയുമായ
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം. യുഎഇക്ക് വേണ്ടി ലോകമെമ്പാടും ആളുകളെ സഹായിക്കുന്നതിൽ പങ്കുവഹിച്ച ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർക്ക് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം നന്ദിയും രേഖപ്പെടുത്തി. ആഗസ്റ്റ് 19 – ലോക മാനുഷിക ദിനാനചരണത്തിന്‍റെ ഭാഗമായാണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ പ്രതികരണം.
97 രാജ്യങ്ങളിൽ നിന്നുള്ള 145,000 സന്നദ്ധപ്രവർത്തകർ കഴിഞ്ഞ വർഷം യുഎഇയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചെന്നും ശൈഖ് മുഹമ്മദ് ട്വീറ്ററില്‍ കുറിച്ചു. മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ ഭാഗമായി 2021ൽ 1.1 ബില്യൺ ദിർഹം (299 മില്യൺ ഡോളർ) ചെലവഴിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ ജീവകാരുണ്യ പരിപാടികൾ, കാമ്പെയ്‌നുകൾ, ദുരിതാശ്വാസ, കമ്മ്യൂണിറ്റി പദ്ധതികൾ എന്നിവയാണ് നടപ്പിലാക്കിയ്.കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലും അര്‍ഹരായവരിലേക്ക് സഹായമെത്തിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു.
ലോക മാനുഷിക ദിനത്തിൽ സായിദ് അൽ-ഖൈറിനെയും യുഎഇയോടുള്ള അദ്ദേഹത്തിന്റെ നന്മയുടെ സന്ദേശത്തെയും ഓർക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. റമദാനോടനുബന്ധിച്ച് നടന്ന വൺ ബില്യൺ മീൽസ് ഫുഡ് കാമ്പയിൻ വന്‍ വിജയമായിരുന്നെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
പതിറ്റാണ്ടുകളായി ശൈഖ് മുഹമ്മദ് സ്പോൺസർ ചെയ്യുന്ന ഡസൻ കണക്കിന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് ഒരു കുട എന്ന നിലയിലാണ് മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ പ്രവര്‍ത്തനം. 2015 ലാണ് ഗ്ലോബൽ ഇനിഷ്യേറ്റീവ് സ്ഥാപിതമായത്.
35 ഓർഗനൈസേഷനുകളും സ്ഥാപനപരമായ സംരംഭങ്ങളും ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്‍റെ ഭാഗമാണ്.
മാനുഷിക സഹായവും ആശ്വാസവും,ആരോഗ്യ സംരക്ഷണവും രോഗ നിയന്ത്രണവും, വിദ്യാഭ്യാസവും അറിവും, നവീകരണവും സംരംഭകത്വവും, സമൂഹങ്ങളുടെ ശാക്തീകരണം തുടങ്ങി അഞ്ച് മേഖലകൾ കേന്ദ്രീകരിച്ചാണ് മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ പ്രവര്‍ത്തനം.