വിമാനം പുറപ്പെടാൻ വെെകിയതിനാൽ പ്രകോപിതനായി പെെലറ്റിനെ മർദിച്ച സംഭവത്തിൽ യാത്രക്കാരന്റെ മൊഴി പുറത്ത്. ഹണിമൂണിന് പോകുകയായിരുന്നു എന്നാണ് യാത്രക്കാരൻ മൊഴി നൽകിയത്. ഹണിമൂൺ യാത്ര 13 മണിക്കൂർ വെെകിയതിനാലാണ് താൻ അപമര്യാദയായി പെരുമാറിയതെന്നും പിടിയിലായ സാഹിൽ കതാരിയ എന്ന യുവാവ് പോലീസിനോട് പറഞ്ഞു.
മോശം കാലാവസ്ഥയെ തുടർന്നായിരുന്നു വിമാനം13 മണിക്കൂറോളം വൈകിയത്. ഡൽഹിയിൽ നിന്ന് ഞായറാഴ്ച രാവിലെ 7.40-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മോശം കാലാവസ്ഥയെത്തുടർന്ന് 13 മണിക്കൂറോളം വൈകിയത്. ഇതിന് പിന്നാലെയാണ് സാഹിൽ കതാരിയ സഹപൈലറ്റ് അനൂപ് കുമാറിനെ മർദിച്ചത്. ഇയാളെ വിമാനത്തിൽ നിന്ന ഇറക്കിയശേഷം അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.
വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുന്നതിനിടെയാണ് സാഹിൽ എഴുന്നേറ്റുചെന്ന് പൈലറ്റിനെ ആക്രമിച്ചത്. ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരന്റെ പേരിൽ പരാതി നൽകിയതായി ഇൻഡിഗോ കമ്പനി അറിയിച്ചു. അതേസമയം യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരും പ്രകോപിതരായിരുന്നു.