നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ഇരുവരുടെയും പ്രണയവിവാഹമാണ്. ജനുവരി 26-ന് തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം. തുടർന്ന് 27-ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും.
തിരുവനന്തപുരം സ്വദേശിയായ പ്രേമും സ്വാസികയും ‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്. സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്. വിവാഹവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും സ്വാസികയോ പ്രേമോ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
2009-ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായാണ് സ്വാസിക അഭിനയരംഗത്തേയ്ക്കെത്തുന്നത്. 2010-ൽ ഫിഡിൽ എന്ന സിനിമയിലൂടെ താരം മലയാളത്തിലും തുടക്കമിട്ടു. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. പ്രഭുവിൻ്റെ മക്കൾ, ഇട്ടിമാണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരീയലുകളിലും താരം വേഷമിട്ടു. ഷൈൻ ടോം ചാക്കോ നായകനായ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്.