റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പുമായി യുഎഇ. 2023-ൽ യുഎഇയിലെ പ്രോപ്പർട്ടികളുടെ വിലയിൽ രേഖപ്പെടുത്തിയത് 10.4 ശതമാനത്തിൻ്റെ വർധനവാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് പുറത്തുവിട്ട ‘ബാങ്ക് ഫോർ സെറ്റിൽമെൻ്റ്സ് ഡാറ്റ’ എന്ന റിപ്പോർട്ടിലെ കണക്കുകൾ പ്രകാരമാണ് റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
2019മായി താരതമ്യം ചെയ്യുമ്പോൾ 2023-ൽ യുഎഇയിലെ പ്രോപ്പർട്ടികളുടെ വിലയിൽ 14.15 ശതമാനമാണ് വർധനവുണ്ടായത്. രാജ്യത്തേയ്ക്കുള്ള വിദേശ തൊഴിലാളികളുടെ ഒഴുക്കും ഉയർന്ന വരുമാനമുള്ളവരിൽ നിന്ന് പ്രോപ്പർട്ടികൾക്കുള്ള ഡിമാന്റ് വർധിച്ചതുമാണ് പെട്ടെന്നുള്ള ഈ വില വർധനവിന് കാരണമെന്നാണ് വിലയിരുത്തൽ.
കോവിഡിനുശേഷം പ്രോപ്പർട്ടി വില കൂടുതലുള്ള രാജ്യങ്ങളിൽ ലോകത്ത് ആറാം സ്ഥാനത്താണ് യുഎഇ. കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്തെ പ്രോപ്പർട്ടി വിലയിൽ രണ്ടിരട്ടി വർധനവാണുണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടെ ഈ മേഖലയിലെ നിക്ഷേപകർക്ക് വലിയ സാമ്പത്തിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്.